വിഴിഞ്ഞം ഓഹരി: സിപിഎം നിലപാടിൽ പാളിച്ച പറ്റി; കടുത്ത വിയോജിപ്പുമായി ഇ.പി
വിഴിഞ്ഞം വിഷയത്തില്‍ സിപിഎം നേതൃനിരയില്‍ ഭിന്നത. ഓഹരി സംബന്ധിച്ച സിപിഎം നിലപാടിൽ കടുത്ത വിയോജിപ്പുമായി കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍. നിലപാടെടുക്കുന്നതിൽ നേതൃത്വത്തിന് വീഴ്ചയുണ്ടായെന്നും വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് യുഡിഎഫിന് നൽകാനേ വിവാദം ഉപകരിക്കൂവെന്നുമാണ് ഇ.പിയുടെ നിലപാട്. വിഴിഞ്ഞത്ത് എല്‍ഡിഎഫിന്റെ പ്രവർത്തനം വിസ്മരിക്കപ്പെടുമെന്നും ദേശാഭിമാനി പത്രത്തിന്റെ നിലപാടായിരുന്നു ശരിയെന്നുമാണ് ഇ.പി. പറയുന്നത്. ഇക്കാര്യങ്ങള്‍ ഇ.പി. പാർട്ടിയിലെ ഉന്നത നേതാക്കളോട് പങ്കുവച്ചെന്നാണ് വിവരം.
അതേസമയം. വിഴിഞ്ഞം ഓഹരി വില്‍പനയ്ക്കെതിരായ നിലപാടില്‍ സിപിഎം കണ്ണൂര്‍ ജില്ലാ കെ.കെ.രാഗേഷിനെ തള്ളി പി.കെ.ശ്രീമതി രംഗത്തെത്തി. ഇക്കാര്യത്തില്‍ ഇ.പിയുടെ നിലപാടാണ് തനിക്കും. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് കൃത്യത വേണമെന്നും പറയാനുള്ളത് കെ.കെ.രാഗേഷ് കൃത്യമായി പറയണമെന്നും പി.കെ.ശ്രീമതി പറഞ്ഞു. ആവിലും ഇല്ല ദുനിയാവിലും ഇല്ല എന്നമട്ടില്‍ പറയരുത്. ദിവ്യ എസ്.അയ്യരെ മാറ്റിയതില്‍ അസ്വാഭാവികതയില്ലെന്നും സര്‍ക്കാരിന് അതിന് അധികാരമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ ദിവ്യ എസ്.അയ്യരെ മാറ്റിയത് വിവാദമാക്കേണ്ടതില്ലെന്ന നിലപാടിലുറച്ച് കെ.കെ.ശൈലജ. പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ ഉദ്യോഗസ്ഥരെ മാറ്റുന്നത് സ്വാഭാവികം. ദിവ്യയെ മാറ്റിയതില്‍ മറ്റെന്തെങ്കിലും കാരണമുണ്ടെങ്കില്‍ പരിശോധിക്കണമെന്നും കെ.കെ.ശൈലജ പറഞ്ഞു.