Select Location
All Locations
State
Region
City / District
വിമാനത്താവളത്തിനുള്ളിൽ ഒരു മസ്ജിദ്! ബംഗാളിൽ ചർച്ചയായി 136 വർഷമുള്ള പഴക്കമുള്ള ആരാധനാലയം

വിമാനത്താവളത്തിനുള്ളിൽ ഒരു മസ്ജിദ്! ബംഗാളിൽ ചർച്ചയായി 136 വർഷമുള്ള പഴക്കമുള്ള ആരാധനാലയം

വീണ്ടും ചർച്ചയായി കൊൽക്കത്തയിലെ ബാങ്ക്ര മസ്ജിദ്. 136 വർഷം പഴക്കമുള്ള ആരാധനാലയം വിമാനത്താവളത്തിനുള്ളിലാണ് സ്ഥിതിചെയ്യുന്നത്. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ബാങ്ക്ര മസ്ജിദുള്ളത്. വിമാനത്താവള സുരക്ഷാ മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടി പള്ളിയിലേക്കുള്ള പൊതുജന പ്രവേശനം നിർത്തിയതിനെ തുടർന്നാണ് പള്ളി വീണ്ടും ചർച്ചയായത്.

ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ഉന്നയിച്ച സുരക്ഷാ ആശങ്കകളുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നിയന്ത്രിച്ചതെന്നാണ് വിമാനത്താവള അധികൃതരുടെ വിശദീകരണം. എന്നാൽ, പള്ളി മാറ്റിസ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ വിവിധ വിഭാഗങ്ങൾ രംഗത്തെത്തിയതോടെ വിഷയം രാഷ്ട്രീയ ചർച്ചയിലേക്ക് മാറി. ബാങ്ക്ര മസ്ജിദ് അഥവാ ഗൗരിപുർ ജാമ മസ്ജിദ് വിമാനത്താവളം രൂപംകൊള്ളുന്നതിന് മുമ്പ് തന്നെ നിലനിന്നിരുന്ന ആരാധനാലയമാണ്. വിമാനത്താവളത്തിന്റെ വികസനത്തിന് ശേഷമാണ് ഈ പള്ളി വിമാനത്താവളത്തിന്റെ പ്രവർത്തന മേഖലയ്ക്കുള്ളിലായത്.

വർഷങ്ങളായി നിയന്ത്രിത രീതിയിലായിരുന്നു വിശ്വാസികൾക്ക് പള്ളിയിലേക്കുള്ള പ്രവേശനം. ആധാർ കാർഡ് പോലുള്ള തിരിച്ചറിയൽ രേഖകൾ സുരക്ഷാ ഉദ്യോഗസ്ഥരെ കാണിച്ച ശേഷമാണ് പ്രത്യേക ഗേറ്റിലൂടെ ആളുകൾക്ക് പ്രവേശനം അനുവദിച്ചിരുന്നത്.

ജൂലൈ12-ന് കനത്ത മഴയെ തുടർന്ന് പള്ളിയിലേക്കുള്ള റോഡിന് കേടുപാടുകൾ സംഭവിച്ചതായി ചൂണ്ടിക്കാട്ടി രണ്ട് ദിവസത്തേക്ക് പ്രവേശനം നിർത്തിവെച്ചിരുന്നു. അറ്റകുറ്റപ്പണികൾ പൂർത്തിയായ ശേഷവും പ്രവേശനം പുനഃസ്ഥാപിക്കാത്തതിനെ തുടർന്നാണ് ഒരു വിഭാ​ഗം ആളുകൾ രം​ഗത്തെത്തിയത്. വിമാനത്താവളത്തിനുള്ളിലേക്ക് പൊതുജനങ്ങൾക്ക് നിയന്ത്രണമില്ലാതെ പ്രവേശനം അനുവദിക്കാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു.

 ആധാർ പരിശോധന മാത്രം നിലവിലെ സുരക്ഷാ മാനദണ്ഡങ്ങൾക്ക് മതിയാകില്ലെന്നും അവർ വ്യക്തമാക്കി. വിമാനത്താവളത്തിന്റെ രണ്ടാം റൺവേയ്ക്ക് സമീപമാണ് പള്ളി സ്ഥിതി ചെയ്യുന്നതെന്നും ഇത് പ്രവർത്തനപരമായ വെല്ലുവിളികൾ സൃഷ്ടിക്കുന്നുവെന്നുമാണ് എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (AAI) ഉൾപ്പെടെയുള്ള അധികൃതർ പറയുന്നത്. വർഷങ്ങളായി സുരക്ഷാ ചട്ടങ്ങൾ പാലിച്ചാണ് വിശ്വാസികൾ പള്ളിയിലെത്തിയിരുന്നതെന്നും പ്രവേശനം പൂർണമായി തടയുന്നത് അംഗീകരിക്കാനാകില്ലെന്നും പള്ളി കമ്മിറ്റി അംഗങ്ങളും വ്യക്തമാക്കി.

പള്ളി മാറ്റുന്നതുമായി ബന്ധപ്പെട്ട് സർക്കാർ, വിമാനത്താവള അധികൃതർ, പള്ളി കമ്മിറ്റി പ്രതിനിധികൾ എന്നിവർ തമ്മിൽ വർഷങ്ങളായി ചർച്ചകൾ നടന്നുവരികയാണ്.


News18Kerala 1 hour ago
Home Flash News