കൊച്ചിക്കാർക്ക് ആശ്വസിക്കാൻ വകയില്ല; ഇടപ്പള്ളി ജംഗ്‌ഷനിൽ ഗതാഗത കുരുക്ക് തുടരും, ഫ്ലൈഓവർ വൈകുന്നു
കൊച്ചി: ഇടപ്പള്ളി ജംഗ്‌ഷനിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്ക് ഗതാഗത കുരുക്കിൽ നിന്ന് മുക്തി നേടാൻ ഇനിയും കാത്തിരിക്കേണ്ടി വരും. പ്രധാന ഇടപ്പള്ളി ജംഗ്‌ഷഷന്റെ ഇരുവശങ്ങളിലായി നിർമ്മിക്കുന്ന രണ്ടു ഫ്ലൈഓവറുകളുടേയും അടിപ്പാതകളുടേയും സമയപരിധി 2027 ഏപ്രിലിലേക്ക് നീട്ടിയതോടെയാണ് യാത്രക്കാർക്ക് കാത്തിരിക്കേണ്ടി വരുന്നത്. ഫ്ലൈ ഓവറുകളുടെ നീളം 90 മീറ്റർ വീതം വർധിപ്പിക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, വിശാലമായ ഇടപ്പള്ളി-മൂത്തകുന്നം ഹൈവേ വിപുലീകരണവുമായി സംയോജിപ്പിച്ച് 10 അധിക അടിസ്ഥാന സൗകര്യ നവീകരണത്തിന്റെ ഭാഗമാണ് വിപുലീകരണം. കൂടുതൽ പ്രവൃത്തികൾ യഥാർത്ഥ പദ്ധതിയുടെ പരിധിയിൽ ഇല്ലായിരുന്നു, പ്രാദേശിക ഭരണകൂടത്തിന്റെ അഭ്യർത്ഥനകൾക്കും നിരവധി ചർച്ചകൾക്കും ശേഷമാണ് പുതുതായി ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്; എൻഎച്ച്എഐ ഉദ്യോഗസ്ഥർ പറയുന്നു.
മരോട്ടിച്ചുവട് മാർക്കറ്റിൽ നിന്ന് ഇടപ്പള്ളിയുടെ മറുവശത്തേക്ക് കാൽനട, ചെറുവാഹനങ്ങൾ എന്നിവയുടെ യാത്ര സുഗമമാക്കുന്നതിന് തെക്കേ അറ്റത്ത് മേൽപ്പാലത്തിന് സമീപം ഒരു അണ്ടർപാസും നിർമ്മിക്കുന്നുവെന്ന് മുതിർന്ന എൻഎച്ച്എഐ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിലൂടെ ചെറിയ വാഹനങ്ങൾക്ക്ക് എളുപ്പത്തിൽ കടന്നുപോവാൻ സാധിക്കും.
50 മീറ്റർ വീതിയുള്ള രണ്ട് പുതിയ ഫ്‌ളൈഓവറുകളും ഓരോ വശത്തും മൂന്ന് സ്ട്രക്ച്ചറൽ സ്‌പാനുകൾ ചേർത്ത് നീട്ടാൻ എൻഎച്ച്എഐ തീരുമാനിച്ചു. ഒരു ഫ്ലൈ ഓവർ വടക്ക് വശത്ത് ലുലു ഓഫീസ് പ്രവേശന കവാടത്തിന് സമീപം സ്ഥിതിചെയ്യുന്നു, മറ്റൊന്ന് തെക്ക് ഒബ്‌റോൺ മാളിനടുത്താണ്. ഇതോടെ രണ്ട് മേൽപ്പാലങ്ങൾക്കും ആദ്യം നിശ്ചയിച്ച 650 മീറ്ററിനുപകരം 740 മീറ്ററായിരിക്കും നീളം; ഉദ്യോഗസ്ഥർ അറിയിച്ചു. പാലങ്ങൾ പൂർത്തീകരിക്കുന്നതിന്, തത്സമയ ഡാറ്റ ഉപയോഗിച്ച് ജംഗ്ഷനിലെ വാഹനങ്ങളുടെ ഒഴുക്ക് നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഒരു ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്‌റ്റം സ്ഥാപിക്കാനും സർക്കാർ പദ്ധതിയിടുന്നു. വിശാലമായ ഇടപ്പള്ളി-മൂത്തകുന്നം ഹൈവേ വീതികൂട്ടൽ പദ്ധതി, തിരക്കേറിയ 26 കിലോമീറ്റർ ദൈർഘ്യത്തിൽ ആറുവരി ഹൈവേയാക്കി മാറ്റാൻ ലക്ഷ്യമിടുന്നു
2025 മാർച്ചിൽ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചത് മുതൽ മേൽപ്പാല പദ്ധതിക്ക് പലപ്പോഴായി സമയപരിധികൾ നിശ്ചയിച്ചിരുന്നു. പ്രാരംഭ സമയപരിധി 2026 മെയ് ആയിരുന്നു. എന്നാൽ ജോലികൾ പൂർത്തിയാവാത്ത സാഹചര്യത്തിൽ ഇത് പിന്നീട് ഓഗസ്റ്റ് ആയി പുതുക്കി. എന്നാൽ ഇപ്പോഴത്തെ ഏറ്റവും പുതിയ സമയപരിധി 2027 ഏപ്രിലിലാണ്.