ഗാരി സോബേഴ്‌സ്; എല്ലാം തികഞ്ഞ ഓൾറൗണ്ടർ, ബൗളിങ്ങിൽ ത്രീ ഇൻ വൺ പാക്കേജ്
ഏകദിന മത്സരങ്ങളും ട്വന്റി-ട്വന്റിയും ഐ.പി.എൽ. മാമാങ്കവും ബെറ്റിങ് പൂരങ്ങളും അരങ്ങുതകർക്കുന്ന ശതകോടികൾ മൂല്യമുള്ള വ്യവസായമായി പരിണമിച്ചുകഴിഞ്ഞ ക്രിക്കറ്റിന് ഒരു ക്ലാസിക്കൽ ഭൂതകാലമുണ്ട്. അഞ്ചും അതിലധികവും ദിവസങ്ങൾ നീണ്ട ടെസ്റ്റ് മത്സരങ്ങൾ കളിച്ചിരുന്ന ആ പരിശുദ്ധ ശൈലീകാലത്ത് ഗ്യാലറികൾ ആഘോഷിച്ചിരുന്ന രണ്ടേരണ്ട് വലിയ താരങ്ങളാണ്(വർത്തമാനകാല പദാവലിയിൽ ഗോട്ടുകൾ) ഉണ്ടായിരുന്നത്. ഓസ്‌ട്രേലിയക്കാരൻ സർ ഡോൺ ബ്രാഡ്മാനും ബാർബഡോസുകാരൻ സർ ഗാരി സോബേഴ്‌സും. ബാറ്റിങ് ദൈവമായിരുന്നു ബ്രാഡ്മാൻ. സോബേഴ്‌സാവട്ടെ ലക്ഷണമൊത്ത ഓൾറൗണ്ടറും. കാൽനൂറ്റാണ്ടു മുൻപ് 93-ാം വയസ്സിലാണ് ബ്രാഡ്മാൻ വിടപറഞ്ഞത്. ഇപ്പോൾ തന്റെ 89-ാം വയസ്സിൽ സോബേഴ്‌സും.
സോബേഴ്‌സിനുശേഷം ക്ലൈവ് ലോയ്ഡ്, വിവിയൻ റിച്ചാർഡ്‌സ്, മൈക്കൽ ഹോൾഡിങ് തുടങ്ങിയ പ്രതിഭാധനർ വെസ്റ്റിൻഡീസ് ക്രിക്കറ്റിൽ പിന്നെയും ജന്മംകൊണ്ടിരുന്നു. അടിച്ചുകൂട്ടിയ റണ്ണുകളും കൊയ്ത വിക്കറ്റുകളും നേടിയ വിജയങ്ങളും കൊണ്ട് ആരാധകരെ വിസ്മയിപ്പിച്ചവരാണ് ഇവരും. പക്ഷേ സോബേഴ്‌സിന്റെ സിംഹാസനത്തിന് വെല്ലുവിളി ഉയർത്താൻ അവർക്കാർക്കുമാകില്ലെന്നു തീർച്ച. കാരണം, നേടിയ റണ്ണുകൾക്കും വിക്കറ്റുകൾക്കുമപ്പുറം അവ നേടിയ ശൈലിയും കളിയുടെ ചാരുതയുമാണ് സോബേഴ്‌സിനെ വ്യത്യസ്തനാക്കുന്നത്. ഏറ്റവും മികച്ച കവർഡ്രൈവ്, ആക്രമണോത്സുക ഹുക്ക്, വിലോഭനീയമായ പുൾ ഷോട്ട്, അനിതരസാധാരണമായ ബാക്ക് ലിഫ്റ്റ്, വിസ്മയിപ്പിക്കുന്ന ബാറ്റ് സ്പീഡ്... ഇതൊക്കെ ചേർന്നതായിരുന്നു സോബേഴ്‌സ് എന്ന ബാറ്റർ.
ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടറെന്നാണ് ഗാരിക്ക് എളുപ്പം നൽകാവുന്ന വിശേഷണം. എന്നാൽ, വെറും ബാറ്റർ എന്നനിലയിലും ബൗളറെന്ന നിലയിലും അക്കാലത്തെ ഏത് അന്താരാഷ്ട്ര ടീമിലും ഇടംനേടാനുള്ള യോഗ്യത അദ്ദേഹത്തിനുണ്ടായിരുന്നു. ബൗളിങ് ശൈലിയിൽ ഒരു ത്രി ഇൻ വൺ പാക്കേജായിരുന്നു ഗ്യാരി. ഇടംകൈ ഓർത്തഡോക്‌സ് സ്പിന്നും റിസറ്റ് സ്പിന്നും ഒപ്പം മീഡിയംപേസ് ബൗളിങ്ങും അദ്ദേഹത്തിനു വഴങ്ങിയിരുന്നു. വെസ്റ്റിൻഡീസിനുവേണ്ടി ടെസ്റ്റിൽ മീഡിയം പേസറായി ബൗളിങ് ഓപ്പൺ ചെയ്തിട്ടുമുണ്ട്. എല്ലാ അർഥത്തിലും ആവശ്യത്തിലധികം- അതായിരുന്നു ഗാരി. ജനിക്കുമ്പോൾ രണ്ടു കൈകൾക്കും ആറു വിരലുകൾ വീതമുണ്ടായിരുന്നു. അധികവിരലുകൾ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യുകയായിരുന്നു. ഇന്ത്യക്കാരിയായ നടി അഞ്ജു മഹേന്ദ്രയുമായി അടുപ്പമുണ്ടായിരുന്നെങ്കിലും ജീവിതത്തിൽ ഒരുമിച്ചില്ല.
വെസ്റ്റിൻഡീസിനുവേണ്ടി അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങൾ കളിച്ച അദ്ദേഹം ബാർബഡോസിനുവേണ്ടി ബാസ്‌കറ്റ്‌ബോളും ഗോൾഫും ഫുട്‌ബോളും കളിച്ചു. സുനിൽ ഗാവസ്‌കർ പറഞ്ഞതാണ് ശരി. ''ഞങ്ങളൊക്കെ ക്രിക്കറ്റ് കളിക്കാരാണ്, അദ്ദേഹം ക്രിക്കറ്റ് തന്നെയാണ്.'' ഒരോവറിൽ ആറു സിക്സർ നേടിയ ആദ്യ ബാറ്റർ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ ഒരോവറിൽ ആറു സിക്സർ നേടുന്ന ആദ്യ കളിക്കാരനാണ് ഗാരി സോബേഴ്സ്. ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യൻഷിപ്പിൽ 1968 ഓഗസ്റ്റ് 31-ന് നോട്ടിങ്ങാംഷെയറിനുവേണ്ടി ഗ്ലാമോർഗൻ ക്ലബ്ബിനെതിരേയായിരുന്നു നേട്ടം. ടീമിന്റെ നായകനും സോബേഴ്സായിരുന്നു. മാൽക്കം നാഷ് എന്ന ബൗളറായിരുന്നു ഇര. ഇന്ത്യൻ മണ്ണിൽ തിളക്കം, ഇന്ത്യക്കെതിരേ 1920 റൺസ്; 59 വിക്കറ്റ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരേ മികച്ച ഓൾറൗണ്ട് പ്രകടനമാണ് ഗാരി സോബേഴ്സിന്റേത്. 18 ടെസ്റ്റുകളിൽ 30 ഇന്നിങ്സുകളിലായി 83.48 ശരാശരിയിൽ 1920 റൺസും 59 വിക്കറ്റും നേടിയിട്ടുണ്ട്. എട്ടു സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറിയും ഇതിലുണ്ട്. 1953-ൽ വെസ്റ്റ് ഇൻഡീസ് പര്യടനം നടത്തിയ ഇന്ത്യൻ ടീമിനെതിരേ ബാർബഡോസിനായി കളിച്ചാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കുള്ള സോബേഴ്‌സിന്റെ വരവ്.
1958-59ലെ ഇന്ത്യൻ പര്യടനത്തിലാണ് സോബേഴ്സിന്റെ അസാമാന്യപ്രകടനം. ആറുകളിയിൽനിന്ന് 92.83 ശരാശരിയിൽ മൂന്ന് സെഞ്ചുറിയുൾപ്പെടെ 557 റൺസാണ് അടിച്ചെടുത്തത്. കാൺപുരിൽ 83-ന് നാല് എന്നനിലയിൽ പതറുകയായിരുന്ന ടീമിനെ സോബേഴ്സിന്റെ 198 റൺസ് പ്രകടനമാണ് മത്സരവിജയത്തിലേക്കു നയിച്ചത്. ഇന്ത്യക്കെതിരേയുള്ള ഏഴു മത്സരത്തിൽ പുറത്താകാതെയുള്ള പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. 1961-62ലെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ അഞ്ചു ടെസ്റ്റുകളിൽ 304 റൺസാണ് നേടിയത്.