Select Location
All Locations
State
Region
City / District
സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്ദറില്‍ സംഘര്‍ഷം

സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്ദറില്‍ സംഘര്‍ഷം

ഡല്‍ഹിയിലെ സിജെപി പ്രതിഷേധത്തിനിടെ സംഘര്‍ഷം. ജന്തര്‍ മന്തറില്‍ 20 ദിവസത്തിലേറെയായി അനിശ്ചിതകാല നിരാഹാര സമരം നടത്തിവരികയായിരുന്ന സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി. ആരോഗ്യനില വഷളായ ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡല്‍ഹി പൊലീസിന്റേതാണ് നടപടി. വാങ്ചുക്കിന്റെ ആരോഗ്യനില വഷളായതുമായി ബന്ധപ്പെട്ട വിഷയം ഡല്‍ഹി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസ് നടപടി.

സോനം വാങ്ചുക്കിന്റെ ആരോഗ്യനില ദിവസവും പരിശോധിക്കണമെന്ന് രണ്ട് ദിവസം മുമ്പ് കോടതി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. 'ഏതൊരു പൗരന്റെയും ജീവന്‍ വിലപ്പെട്ടതാണ്' എന്ന് നിരീക്ഷിച്ച കോടതി, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൃത്യമായി നിരീക്ഷിക്കാനും ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കാനും ഉത്തരവിട്ടിരുന്നു. ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരവും സോനം വാങ്ചുക്കിന്റെ ആരോഗ്യനില മോശമായതിനാലുമാണ് ഈ നടപടിയെന്ന് പൊലീസ് പറയുന്നു.

എന്നാല്‍ വാങ്ചുക്കിനെ ബലമായി നീക്കം ചെയ്യാന്‍ ശ്രമിച്ചു എന്ന് സിജെപി സ്ഥാപക പ്രസിഡന്റ് അഭിജീത് ദിപ്‌കെ ആരോപിച്ചു. ജന്തര്‍ മന്ദറില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തിയതായും അദ്ദേഹം പറഞ്ഞു. ഡല്‍ഹി പോലീസ് അടിച്ചമര്‍ത്തല്‍ നടപടികള്‍ നടത്തുകയാണെന്നും പൊലീസ് തന്നെ മര്‍ദ്ദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതായും അദ്ദേഹം ആരോപിച്ചു.

നീറ്റ് ക്രമക്കേട് അടക്കം വിദ്യാഭ്യാസ രംഗത്തെ വീഴ്ചകളുടെ ഉത്തരവാദിത്തമേറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സിജെപി പ്രതിഷേധിക്കുന്നത്. ജൂണ്‍ 28-നാണ് വാങ്ചുക്ക് ജന്തര്‍ മന്തറിലെ സമരത്തില്‍ പങ്കുചേര്‍ന്നത്. അന്നു മുതല്‍ അദ്ദേഹം അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. ജൂണ്‍ 20-ന് ആരംഭിച്ച സിജെപി പ്രതിഷേധം ഇപ്പോള്‍ 28-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

അതേസമയം നിരാഹാരത്തിന്റെ 20-ാം ദിവസം പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍, ജൂലൈ 20-ന് കോക്രോച്ച് ജനതാ പാര്‍ട്ടി ആസൂത്രണം ചെയ്തിരിക്കുന്ന 'ചലോ സന്‍സദ്' (പാര്‍ലമെന്റിലേക്കുള്ള മാര്‍ച്ച്) മാര്‍ച്ചില്‍ രാജ്യത്തുടനീളമുള്ള ജനങ്ങള്‍ പങ്കുചേരണമെന്ന് വാങ്ചുക്ക് അഭ്യര്‍ത്ഥിച്ചിരുന്നു. ജനപങ്കാളിത്തമാണ് ഈ പ്രസ്ഥാനത്തിന്റെ കരുത്തും വിജയവും നിര്‍ണയിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നീണ്ട നിരാഹാരം തന്റെ ശരീരത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് സമ്മതിച്ചെങ്കിലും, സമരത്തില്‍ നിന്ന് പിന്മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 'അതെ, ഞാന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. എന്റെ ശരീരഭാരത്തിന്റെ 20 ശതമാനം നഷ്ടമായിക്കഴിഞ്ഞു. കൊഴുപ്പിന് ശേഷം പേശികള്‍ നഷ്ടപ്പെട്ടു. അതിനുശേഷം ആന്തരിക അവയവങ്ങള്‍ നഷ്ടപ്പെടും. ഒടുവില്‍ തലച്ചോറും. എന്നാല്‍ അതിനുള്ള സമയം ഇനിയും ആയിട്ടില്ല,' വാങ്ചുക്ക് പറഞ്ഞു.


One India Malayalam 54 minutes ago
Home Flash News