കേസിൽ കുടുങ്ങിയ പൊലീസുകാരി; പാർവതി തിരുവോത്ത് ആദ്യമായി കാക്കി അണിയുന്ന 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ടീസർ
പിസ്റ്റൽ നമ്പർ 1634721... ടീസറിന്റെ തുടക്കം ഈ പിസ്റ്റൽ നമ്പർ പറഞ്ഞാണ്... പിന്നീട് പോലീസ് ട്രെയിനിങ് ക്യാമ്പിന്റെ ദൃശ്യങ്ങൾ... പാർവതിയും, മാത്യു തോമസും, സിദ്ധാർത്ഥ് ഭരതനും, ഉണ്ണി മായയും, ഇവരുടെ മുഖങ്ങളിലെ ഭയം, പോലീസ് സ്റ്റേഷനകത്തുള്ള കുറെയധികം ദൃശ്യങ്ങളും, ഒരു ഗംഭീര പോലീസ് ക്രൈം ത്രില്ലറിന്‍റെ പ്രതീക്ഷയാണ് ഈ ടീസറിലുള്ളത്. അസീസ് നെടുമങ്ങാടിനെയും വിജയരാഘവനേയും സ്ക്രീനിൽ കാണാം.
'കുറ്റം എന്നെങ്കിലും മറനീക്കി പുറത്തുവരും ആ ഒരു ദിവസത്തിനുവേണ്ടി ഞാൻ കാത്തിരിക്കും' എന്ന വിജയരാഘവന്റെ സംസാരവും പോലീസ് വാനിൽ കയറിവരുന്ന പാർവതിയെയും കാണുമ്പോൾ പോലീസുകാർക്കിടയിൽ നടക്കുന്ന കുറ്റാന്വേഷണത്തിന്റെ സൂചനയാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ 'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' ആരൊക്കെയാണ്? സെപ്റ്റംബർ 11ന് ഇതിനൊരു ഉത്തരം ലഭിക്കും.
11 ഐക്കൺസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ഷഹദിന്റെ സംവിധാന സംരംഭമാണിത്.