35,000 രൂപ നികുതിയടച്ചു; ദുബായ് രജിസ്ട്രേഷൻ വാഹനം 6 മാസം കേരളത്തിലോടിക്കാം
നിശ്ചിത ഹ്രസ്വകാല മോട്ടോർ വാഹന നികുതി അടച്ചതിനെ തുടർന്ന്, ദുബായ് രജിസ്ട്രേഷനിലുള്ള ഫോർഡ് എഫ്-150 പിക്ക് അപ്പ് ട്രക്ക് കേരളത്തിലെ റോഡുകളിൽ ഓടിക്കാൻ ഉടമയ്ക്ക് താത്കാലിക അനുമതി നൽകി. വിദേശത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങൾ നിശ്ചിത കാലയളവിലേക്ക് സംസ്ഥാനത്ത് ഉപയോഗിക്കാൻ അനുവദിക്കുന്ന നിയമപരമായ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് ഈ നടപടി.
'DUBAI R 28483' എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ഫോർഡ് എഫ്-150 പ്രശോഭ് ശശിധരൻ പറപ്പുറത്ത് എന്നയാളാണ് ഇന്ത്യയിലേക്ക് എത്തിച്ചത്. വാഹനങ്ങളുടെ താത്കാലിക ഇറക്കുമതിക്കായി അന്താരാഷ്ട്രതലത്തിൽ ഉപയോഗിക്കുന്ന കസ്റ്റംസ് രേഖയായ 'കാർനെറ്റ് ഡി പാസേജ് എൻ ഡൗൺ' (CPD) ഉപയോഗിച്ചാണ് വാഹനം രാജ്യത്തേക്ക് കൊണ്ടുവന്നത്.
ഈ വാഹനത്തിനായി നൽകിയിട്ടുള്ള സിപിഡിക്ക് 2027 ജൂലൈ 14 വരെ സാധുതയുണ്ട്. ഉടമ എറണാകുളം എൻഫോഴ്സ്മെന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ (RTO) നേരിട്ടെത്തി, കേരളത്തിൽ വാഹനം ഉപയോഗിക്കുന്നതിനായി 35,000 രൂപ ഹ്രസ്വകാല നികുതിയായി സന്നദ്ധനായി അടയ്ക്കുകയായിരുന്നു.