Select Location
All Locations
State
Region
City / District
മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും കോഴിക്കോട്ട് എത്തുന്നതിന്റെ തലേദിവസമായിരുന്നു സംഭവം

സ്റ്റീൽ ബോംബുകളെന്ന് ഫോൺസന്ദേശം; പോലീസിനെ വട്ടംകറക്കി വ്യാജബോംബ്

കോഴിക്കോട് നഗരത്തിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തിയെന്ന ഫോൺസന്ദേശത്തെ തുടർന്ന് പോലീസും ബോംബ് സ്‌ക്വാഡും മണിക്കൂറുകളോളം ആശങ്കയിൽ. ഒടുവിൽ പരിശോധന നടത്തിയപ്പോൾ കണ്ടെത്തിയത് ബോംബല്ല, കടപ്പുറത്തെ പൂഴി നിറച്ച വ്യാജ സ്റ്റീൽ ബോംബുകൾ.
മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും കോഴിക്കോട്ട് എത്തുന്നതിന്റെ തലേദിവസമായിരുന്നു സംഭവം. നടക്കാവിലെ കൊട്ടാരം റോഡിൽ റോഡരികിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തിയെന്ന വിവരം ലഭിച്ചതോടെ സിറ്റി പോലീസ് ഉടൻ സ്ഥലത്തെത്തി. പ്രദേശം പോലീസ് വാഹനങ്ങൾ ഉപയോഗിച്ച് വളയുകയും ആളുകളെ മാറ്റിനിർത്തുകയും ചെയ്തു.
വിവരം നാട്ടിൽ പടർന്നതോടെ പ്രദേശവാസികളും ഭീതിയിലായി. തുടർന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ഉൾപ്പെടെയുള്ള പോലീസ് സംഘങ്ങൾ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കോഴിക്കോട് മുൻപ് നേരിട്ട ബോംബ് സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ സംഭവത്തെ പോലീസ് അതീവ ഗൗരവത്തോടെയാണ് കണ്ടത്.
വ്യാഴാഴ്ച രാവിലെ 11.30ഓടെയാണ് പോലീസ് ഹെൽപ്‌ലൈൻ നമ്പറായ 112-ലേക്ക് ഫോൺസന്ദേശം ലഭിച്ചത്. കൊട്ടാരം റോഡിലെ മാലിന്യക്കൂമ്പാരത്തിനിടയിൽ പ്ലാസ്റ്റിക് കവറിൽ സ്റ്റീൽ ബോംബുകൾ ഉണ്ടെന്നായിരുന്നു വിവരം. സ്ഥലത്തെത്തിയ പോലീസ് പരിശോധിച്ചപ്പോൾ ബോംബിനോട് സാമ്യമുള്ള നാല് വസ്തുക്കളാണ് കണ്ടെത്തിയത്.
സംശയം ശക്തമായതോടെ ഇവ സുരക്ഷിതമായി കസ്റ്റഡിയിലെടുത്തു. തുടർന്ന് പൂവാട്ടുപറമ്പിലെ ഒരു കരിങ്കൽ ക്വാറിയിലെത്തിച്ച് പരിശോധന നടത്തി. അവിടെ നടത്തിയ പരിശോധനയിലാണ് യഥാർഥ്യം പുറത്തായത്. സ്റ്റീൽ ബോംബെന്ന് കരുതിയ വസ്തുക്കളിൽനിന്ന് പുറത്തുവന്നത് കടപ്പുറത്തെ പൂഴിയായിരുന്നു. ഇതോടെ മണിക്കൂറുകളോളം പോലീസിനെയും നാട്ടുകാരെയും ആശങ്കയിലാക്കിയ സംഭവം വ്യാജബോംബാണെന്ന് വ്യക്തമായി.


News18Kerala 1 hour ago
Home Flash News