തിരുവനന്തപുരത്ത് ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ ഉൾപ്പെടെ 63 ഹോട്ടലുകളിൽ റെയ്ഡ്; പഴകിയ ഭക്ഷണം പിടിച്ചു
തലസ്ഥാനത്തെ ത്രീസ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഉൾപ്പെടെ വമ്പൻ ഹോട്ടലുകളില്‍ വ്യാപക പരിശോധന. പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. കോര്‍പറേഷന്‍ ആരോഗ്യവിഭാഗം ഒരേ സമയമാണ് തലസ്ഥാനത്തെ പ്രമുഖ ഹോട്ടലുകളില്‍ പരിശോധന നടത്തിയത്. നോണ്‍ വെജ്, വെജ് ഫുഡുകള്‍ ഒരുമിച്ചു സൂക്ഷിച്ചിരുന്നുവെന്നും കൃത്യമായ താപനിലയില്ലാതെയാണ് ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചിരുന്നതെന്നും പരിശോധനയില്‍ കണ്ടെത്തി.
ആരോഗ്യ വിഭാഗത്തിലെ നൂറില്‍പരം ഉദ്യോഗസ്ഥര്‍ 14 സ്‌ക്വാഡുകളായാണ് ഇന്നു രാവിലെ മുതല്‍ ഹോട്ടലുകളില്‍ പരിശോധന നടത്തിയത്. പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങള്‍ വാഹനങ്ങളില്‍ കയറ്റി കോര്‍പറേഷന്‍ ഓഫീസിലേക്കു കൊണ്ടുപോയി. നഗരത്തിലെ വന്‍കിട ഹോട്ടലുകള്‍ വൃത്തിഹീനമായ അവസ്ഥയിലാണ് പ്രവര്‍ത്തിക്കുന്നതെന്നു നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇന്നു രാവിലെ മുതല്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്.
63 ഹോട്ടലുകളില്‍ പരിശോധന നടത്തിയെന്നും 28 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയെന്നും മേയർ വി വി രാജേഷ് പറഞ്ഞു. കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നേരത്തെ തട്ടുകടകളില്‍ പരിശോധന നടത്തുകയും നിരവധി തട്ടുകടകളുടെ പ്രവര്‍ത്തനം നിരോധിച്ചിരുന്നു. വലിയ ഹോട്ടലുകളില്‍ പരിശോധന നടത്താതെ തട്ടുകടക്കാരെ മാത്രം ബുദ്ധിമുട്ടിക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് സ്റ്റാർ ഹോട്ടലുകളിലും പരിശോധന നടത്തിയത്.
LIVE