ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്
പാരിസ് : ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദുസംഘടനയായ സ്വാമിനാരായണ്‍ സന്‍സ്തയിലെ സന്യാസിമാര്‍ ഉള്‍പ്പെട്ട സംഘം ഈഫല്‍ ഗോപുരത്തിലെ മുഴുവന്‍ സ്ത്രീജീവനക്കാരെയും മാറ്റിനിര്‍ത്തണമെന്ന് നിര്‍ദേശിച്ചുവെന്ന പ്രചാരണം വ്യാജമായിരുന്നുവെന്ന് കണ്ടെത്തി ഫ്രഞ്ച് പൊലീസ്. പരിപാവന ഹിന്ദുസംഘടനയായ സ്വാമിനാരായണ്‍ സന്‍സ്തയുടെ സന്യാസിസംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച് താറടിക്കുകയായിരുന്നു ഈ വ്യാജപ്രചാരണത്തിന്റെ ലക്ഷ്യം. ഫ്രഞ്ച് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സ്വാമിനാരായണ്‍ സന്‍സ്തയിലെ സന്യാസിമാര്‍ സ്ത്രീകളായ ജീവനക്കാരെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയത്. ഈ ഗൂഢാലോചനയ്‌ക്ക് പിന്നില്‍ യുഎസ് ആസ്ഥാനമായ ചില എന്‍ജിഒകള്‍ ആണെന്നാണ് കരുതപ്പെടുന്നത്.
സ്വാമിനാരായണ്‍ സന്‍സ്തയിലെ സന്യാസിമാരുള്‍പ്പെടെയുള്ള 100 അംഗസംഘം ഫ്രാന്‍സിലെ സ്മാരകമായ ഈഫല്‍ ഗോപുരം സന്ദര്‍ശിക്കുന്നതിന് മുന്‍പേ തന്നെ, ഈഫല്‍ ഗോപുരത്തിലെ സ്ത്രീകളായ ജീവനക്കാരെ മുഴുവന്‍ കെട്ടിടത്തില്‍ നിന്നും പിന്‍വലിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടിരുന്നു എന്നായിരുന്നു ആരോപണം. അതിന്റെ അടിസ്ഥാനത്തില്‍ ഈഫല്‍ ഗോപുരത്തിലെ മുഴുവന്‍ സ്ത്രീജീവനക്കരെയും സന്യാസിസംഘത്തിന്റെ സന്ദര്‍ശന ദിവസം പിന്‍വലിച്ചിരുന്നു. സ്വാമിനാരായണ്‍ സന്‍സ്തയിലെ സന്യാസിമാരുള്‍പ്പെട്ട സംഘം ഈഫല്‍ ഗോപുരത്തില്‍ എത്തിയപ്പോള്‍ പുരുഷന്‍മാരായ ജീവനക്കാര്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്
ഇതോടെ പിറ്റേന്ന് ഫ്രഞ്ച് ദിനപത്രങ്ങളിലും ഫ്രാന്‍സിലെ സോഷ്യല്‍ മാധ്യമങ്ങളിലും ഹിന്ദു സംഘടനയായ സ്വാമിനാരായണ്‍ സന്‍സ്തയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്ന്നിരുന്നു. സ്ത്രീപുരഷ സമത്വം ഉദ്ഘോഷിക്കുന്ന ഫ്രാന്‍സിന്റെ സംസ്കാരത്തിന് വിരുദ്ധമായിരുന്നു സ്വാമിനാരായണ്‍ സന്‍സ്തയുടെ നീക്കമെന്നായിരുന്നു വിമര്‍ശനം. ഈ സംഘടനയെ തന്നെ നിരോധിക്കണെന്നും ആവശ്യമുയര്‍ന്നിരുന്നു. പാരീസില്‍ സ്വാമിനാരായണ്‍ സന്‍സ്തയുടെ ഹിന്ദു ക്ഷേത്രം ഇക്കഴിഞ്ഞ സെപ്തംബര്‍ ആറിനാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇത് അമേരിക്കയില്‍ നിന്നും ഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍ക്കിടയില്‍ വലിയ അസ്വസ്ഥതയുണ്ടാക്കിയിരുന്നു.
ഇതോടെയാണ് ഫ്രഞ്ച് പൊലീസ് സംഘം ഈ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയത്. അന്വേഷണത്തിലാണ് സ്വാമിനാരായണ്‍ സന്‍സ്ത ഈഫല്‍ ഗോപുരത്തിലെ സ്ത്രീജീവനക്കാരെ കെട്ടിടത്തില്‍ നിന്നും പിന്‍വലിക്കണമെന്ന് ഒരു രീതിയിലും അഭ്യര്‍ത്ഥിച്ചിട്ടില്ലെന്ന് തെളിഞ്ഞത്. ഇ മെയില്‍ വഴിയോ, ഫോണ്‍ വഴിയോ ഒന്നും സ്വാമിനാരായണ്‍ സന്‍സ്തയില്‍ നിന്നും ഈഫല്‍ ഗോപുരത്തിലെ ഉദ്യോഗസ്ഥരെ ഇക്കാര്യം പറഞ്ഞ് ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.