ശബരിമല മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് 18-ന് ; നിയോഗം ദേവനന്ദനും അനശ്വരയ്ക്കും
ശബരിമല മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 18-ന് നടക്കും. പന്തളം കൊട്ടാരത്തിൽ നിന്ന് ദേവനന്ദൻ അർജുനെയും അനശ്വര എം. രഞ്ജിത്തിനെയും നറുക്കെടുപ്പിന് ചുമതലപ്പെടുത്തി. പന്തളം കൊട്ടാരത്തിലെ രാമവർമ രാജയാണ് കുട്ടികളെ നറുക്കെടുപ്പിനായി നിയോഗിച്ചത്.
സുപ്രീംകോടതിയുടെ 2011ലെ ഉത്തരവിന്റെയും റിട്ടയേർഡ് ജസ്റ്റിസ് കെ.ടി. തോമസ് സമർപ്പിച്ച റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. ശബരിമലയിലെ മേൽശാന്തി തിരഞ്ഞെടുപ്പ് പട്ടികയിൽ ഏഴുപേരും മാളികപ്പുറം പട്ടികയിൽ അഞ്ച് പേരുമാണ് ഉൾപ്പെട്ടിരിക്കുന്നത്.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 18-ന് രാവിലെ സന്നിധാനത്ത് നടക്കും. ശബരിമല മേൽശാന്തിയെ ദേവനന്ദൻ അർജുനും മാളികപ്പുറം മേൽശാന്തിയെ അനശ്വര എം. രഞ്ജിത്തും നറുക്കെടുക്കും.
പന്തളം നാലുകെട്ട് കൊട്ടാരത്തിലെ വി. അർജുന്റെയും കോട്ടയം കാരാപ്പുഴ ഇളയകോവിലകത്തെ ശർമ്മദ ആർ. വർമ്മയുടെയും മകനാണ് ദേവനന്ദൻ. തൃപ്പൂണിത്തുറ എസ്.എൻ.വി.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.
തൃപ്പൂണിത്തുറ ലക്ഷ്മിവിലാസം പാലസ് നമ്പർ 46ൽ രഞ്ജിത്ത് രാജന്റെയും പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ മുൻ രാജപ്രതിനിധിയായിരുന്ന പരേതൻ ആർ. കേരളവർമ രാജയുടെ മകൾ മൈഥിലി രാജയുടെയും മകളാണ് അനശ്വര എം. രഞ്ജിത്ത്. ഭവൻസ് വിദ്യാമന്ദിറിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് അനശ്വര.