വഖഫ് ബോർഡ് പുനസ്സംഘടിപ്പിച്ചു; കാന്തപുരം വിഭാഗത്തെ വെട്ടിയതിൽ ഒക്ടോബർ 22-ന് പ്രതിഷേധം
സംസ്ഥാന വഖഫ് ബോർഡ് പൂർണ്ണമായി പിരിച്ചുവിട്ട് പുതിയ ഭരണസമിതി രൂപീകരിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. മുസ്ലിം ലീഗ് നേതാവ് എം.സി. മായിൻ ഹാജിയാണ് പുതിയ ബോർഡ് ചെയർമാൻ. നേരത്തെയും പലതവണ വഖഫ് ബോർഡ് അംഗമായി സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.
എം.സി. മായിൻ ഹാജിക്ക് പുറമേ കുറുക്കോളി മൊയ്തീൻ എം.എൽ.എ, സിറാസ് ഡി. കപാസി, തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, സജ്‌ന ഫിറോസ്, സി. ജസീം സബാഹ്, എം.പി. മുസ്തഫൽ ഫൈസി, ഡോ. അബ്ദുൽ മജീദ് സ്വാലഹി, എ. മദീന ബീഗം എന്നിവരാണ് പുതിയ ഒൻപതംഗ ബോർഡിലുള്ളത്. വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും കേസുകളിൽ വിധി വരുന്നതുവരെ രണ്ട് അമുസ്ലിം അംഗങ്ങളുടെ നിയമനം സർക്കാർ മാറ്റിവെച്ചിരിക്കുകയാണ്.
വഖഫ് ബോർഡ് പുനഃസംഘടനയ്ക്ക് തൊട്ടുപിന്നാലെ പരസ്യ പ്രതിഷേധത്തിനുള്ള ആഹ്വാനവുമായി കാന്തപുരം അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന എ.പി സുന്നി വിഭാഗം രംഗത്തെത്തി. സംസ്ഥാനത്തെ പ്രബല മുസ്ലിം സംഘടനയായ തങ്ങളെ പുനഃസംഘടനയിൽ പൂർണ്ണമായും അവഗണിച്ചതാണ് പ്രതിഷേധത്തിന് കാരണം. വഖഫ് സ്വത്തുക്കളും സ്ഥാപനങ്ങളും സംരക്ഷിക്കുന്നതിൽ സജീവമായി ഇടപെടുന്ന കേരള മുസ്ലിം ജമാഅത്തിനോട് സർക്കാരിന്റെ ഭാഗത്തുനിന്നും വലിയ നീതികേടാണ് ഉണ്ടായതെന്ന് ചേർന്ന അടിയന്തര യോഗം കുറ്റപ്പെടുത്തി.
മറുഭാഗത്ത്, സമസ്ത ഇ.കെ വിഭാഗത്തിലും പുനഃസംഘടനയെച്ചൊല്ലി വലിയ അതൃപ്തി ഉയരുന്നുണ്ട്. സമസ്ത ഇ.കെ വിഭാഗം അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളോട് അപമര്യാദയായി പെരുമാറിയെന്ന കാരണത്താൽ സംഘടനയുടെ മുശാവറയിൽ നിന്ന് പുറത്താക്കപ്പെട്ട എം.പി. മുസ്തഫൽ ഫൈസിയെ ബോർഡിൽ ഉൾപ്പെടുത്തിയതാണ് സമസ്തയ്ക്കുള്ളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.