സൗദിയിൽ മിസൈൽ ആക്രമണം ? മക്കയെയും മദീനയെയും ലക്ഷ്യമിട്ടെന്ന ആരോപണം തള്ളി ഹൂതികൾ
ഇസ്‌ലാം മതവിശ്വാസികളുടെ വിശുദ്ധ നഗരങ്ങളായ മക്കയെയും മദീനയെയും ലക്ഷ്യമിട്ട് മിസൈൽ ആക്രമണം നടത്തിയെന്ന സൗദി അറേബ്യയുടെ ആരോപണം നിഷേധിച്ച് യെമനിലെ ഹൂതി വിമതർ. സൗദിയുടെ ആരോപണം നുണയും അടിസ്ഥാനരഹിതമായ പ്രചാരണവുമാണെന്ന് ഹൂതി സൈനിക വക്താവ് യഹ്‌യ സരീയ വ്യക്തമാക്കി. സൗദിയിലെ എണ്ണ ഉൽപാദന കേന്ദ്രങ്ങളും സൈനിക താവളങ്ങളും മാത്രമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും ഹൂതികൾ അവകാശപ്പെട്ടു.
സൗദിയുടെ ആരോപണങ്ങൾകൊണ്ട് ഇനി ആരെയും തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും തങ്ങളുടെ സൈനിക നടപടികൾ എണ്ണ കേന്ദ്രങ്ങൾക്കും സൈനിക സ്ഥാപനങ്ങൾക്കും നേരെയാണെന്നും ഹൂതികൾ വ്യക്തമാക്കി. മക്ക, മദീന മേഖലകളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചതിന് പിന്നാലെയാണ് ഹൂതികളുടെ വിശദീകരണം.
പടിഞ്ഞാറൻ സൗദിയിലെ യാൻബു, തായിഫ് നഗരങ്ങളെ ലക്ഷ്യമിട്ട് വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ ആകാശത്തുവച്ച് തകർത്തതായി സൗദിസേന അറിയിച്ചു. മിസൈലുകൾ തകർത്തതിനെ തുടർന്ന് ജിദ്ദ, തായിഫ്, റാബിഗ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അവശിഷ്ടങ്ങൾ പതിച്ചതായാണ് റിപ്പോർട്ട്.
പർവതാരോഹണത്തിനിടെ അപ്രതീക്ഷിത ആർത്തവം; താൽക്കാലികമായി പാഡുണ്ടാക്കേണ്ടി വന്ന അനുഭവം പങ്കുവെച്ച് യുവതി
Kerala Weather| സംസ്ഥാനത്ത് അതിതീവ്ര മഴ; നാളെ മൂന്ന് ജില്ലകളിൽ അതിതീവ്ര മഴ
മക്കയിലും ജിദ്ദയിലും ഉൾപ്പെടെ വിവിധ മേഖലകളിൽ അപകടസാധ്യത മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിൻവലിച്ചു. സൗദിയിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്തിയതായും ഹൂതി സൈനിക വക്താവ് അവകാശപ്പെട്ടു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, യാൻബുവിലെ സൗദി അരാംകോ കേന്ദ്രം, റാബിഗ് എണ്ണ ശുദ്ധീകരണശാല, ക്രൂഡ് ഓയിൽ പമ്പിങ് സ്റ്റേഷനുകൾ, ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈൻ എന്നിവ ലക്ഷ്യമിട്ടെന്നായിരുന്നു ഹൂതികളുടെ അവകാശവാദം.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിക്കുന്നതിനെതിരെ അന്താരാഷ്ട്ര, പ്രാദേശിക വിമാനക്കമ്പനികൾക്ക് ഹൂതികൾ വീണ്ടും മുന്നറിയിപ്പ് നൽകി. വിമാനത്താവളം സൈനിക ലക്ഷ്യമായി കണക്കാക്കുമെന്നും അവിടേക്കുള്ള സർവീസുകൾ സുരക്ഷിതമായിരിക്കില്ലെന്നുമാണ് ഹൂതികളുടെ മുന്നറിയിപ്പ്.
സൗദി അറേബ്യയും ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരും തമ്മിലുള്ള സംഘർഷം ശക്തമാകുന്നതിനിടെയാണ് പുതിയ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയരുന്നത്. 2022 മുതൽ അതിർത്തി കടന്നുള്ള ആക്രമണങ്ങൾ വലിയ തോതിൽ കുറച്ചിരുന്ന വെടിനിർത്തൽ ധാരണ തകർന്നതിനെ തുടർന്ന് യെമനിൽ വീണ്ടും ഏറ്റുമുട്ടൽ രൂക്ഷമായിരിക്കുകയാണ്.