അറബ് വോട്ടർമാർ കൂട്ടത്തോടെ പോളിംഗ് ബൂത്തിലേക്ക്, ഇസ്രായേലിൽ റെക്കോർഡ് പോളിംഗ്, വിറച്ച് നെതന്യാഹു
ജറുസലേം: ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിധി നിര്‍ണയിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇസ്രായേലില്‍ റെക്കോര്‍ഡ് പോളിംഗ്. പ്രാദേശിക സമയം വൈകിട്ട് ആറ് വരെയുളള കണക്കുകള്‍ പ്രകാരം 66.7 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022ലെ തിരഞ്ഞെടുപ്പിനേക്കാളും 9 ശതമാനം കൂടുതലാണിത്.
രാത്രി 10 മണിക്ക് വോട്ടെടുപ്പ് അവസാനിക്കും. എന്നാല്‍ വോട്ടെടുപ്പ് സമയം നീട്ടണമെന്ന് നെതന്യാഹുവിന്റെ പാര്‍ട്ടിയായ ലികുഡ് പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം ഇസ്രായേല്‍ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുളള ശ്രമം നടക്കുന്നതായും ലികുഡ് പാര്‍ട്ടി ആരോപിച്ചു.
എന്നാല്‍ വോട്ടെടുപ്പ് ക്രമക്കേടിന് ഒരു തെളിവും ഇല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഈ തിരഞ്ഞെടുപ്പിലെ പ്രധാന എതിരാളി മുന്‍ സൈനിക മേധാവി കൂടിയായ ഗാദി ഐസന്‍കോട്ട് ആണ്. അറബ് വോട്ടര്‍മാരടക്കമുളളവര്‍ വലിയ തോതില്‍ വോട്ട് ചെയ്യാന്‍ എത്തുന്ന പശ്ചാത്തലത്തില്‍ ലികുഡ് പാര്‍ട്ടി അനുഭാവികളെല്ലാം വോട്ട് ചെയ്യാനെത്തണമെന്ന് നെതന്യാഹു ആഹ്വാനം ചെയ്തു.
അവര്‍ നമ്മളില്‍ നിന്ന് തിരഞ്ഞെടുപ്പ് തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ്, വീഡിയോ സന്ദേശത്തില്‍ നെതന്യാഹു പറഞ്ഞു. 2023 ഒക്ടോബറിലെ ഹമാസ് ആക്രമണത്തിന് ശേഷവും ഗാസ യുദ്ധത്തിന് ശേഷവും നടക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലയ്ക്ക് നെഹന്യാഹു സര്‍ക്കാരിന്റെ വിധിയെഴുത്തായാണ് ഈ തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്.
നെതന്യാഹു സര്‍ക്കാര്‍ വീഴും എന്നാണ് മിക്ക അഭിപ്രായ സര്‍വ്വേകളും ഇതിനകം പ്രവചിച്ചിട്ടുളളത്. 120 അംഗ സെനറ്റില്‍ ലികുഡ് പാര്‍ട്ടി നയിക്കുന്ന സഖ്യത്തിന് ഭൂരിപക്ഷം നഷ്ടപ്പെടുമെന്നും കേവല ഭൂരിപക്ഷമായ 61 സീറ്റുകളില്‍ വിജയിക്കാനാകില്ലെന്നുമാണ് പ്രവചനങ്ങള്‍. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ വലിയ പിന്തുണ നെതന്യാഹുവിന് ഉണ്ടെങ്കിലും വ്യക്തിപരമായും രാഷ്ട്രീയപരമായും ഈ തിരഞ്ഞെടുപ്പ് അദ്ദേഹത്തിന് വലിയ വെല്ലുവിളിയാണ്.
മൂന്ന് അഴിമതിക്കേസുകളില്‍ ബെഞ്ചമിന്‍ നെതന്യാഹു ആരോപണ വിധേയനാണ്. അദ്ദേഹത്തിന് ക്ഷമ നല്‍കാന്‍ ആവശ്യപ്പെട്ട് പ്രസിഡണ്ട് ഐസക് ഹെര്‍സോഗിന് ട്രംപ് കത്തയച്ചിരുന്നു. 1996ല്‍ തിരഞ്ഞെടുക്കപ്പെട്ടത് മുതല്‍ 19 വര്‍ഷക്കാലമാണ് നെതന്യാഹു ഇസ്രായേല്‍ പ്രധാനമന്ത്രി സ്ഥാനത്ത് ഇരുന്നിട്ടുളളത്. വോട്ടെടുപ്പ് ഇന്ന് അവസാനിക്കുമെങ്കിലും തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ ഇനിയും ദിവസങ്ങളെടുത്തേക്കും..