കർണാടകയിൽ നന്ദിനി പാലിന് ലിറ്ററിന് 8 രൂപ വർധിക്കും; നവംബർ 1 മുതൽ പുതിയ നിരക്ക്
കർണാടകയിൽ നന്ദിനി പാലിന്റെ വില ലിറ്ററിന് 8 രൂപ വർധിപ്പിക്കാൻ മന്ത്രിസഭ അനുമതി നൽകി. നവംബർ 1 മുതൽ പുതിയ നിരക്കുകൾ നിലവിൽ വരും. വർധിപ്പിച്ച 8 രൂപയിൽ 7 രൂപയും ക്ഷീരകർഷകർക്ക് നേരിട്ട് ലഭിക്കുമ്പോൾ, ബാക്കി 1 രൂപ മിൽക്ക് സഹകരണ സംഘങ്ങൾക്കായി മാറ്റിവെക്കും.
നിലവിൽ ലിറ്ററിന് 35 രൂപയോളം ലഭിക്കുന്ന കർഷകർക്ക് പുതിയ നിരക്ക് നിലവിൽ വരുന്നതോടെ 42 രൂപ ലഭിക്കും. ഇതിന് പുറമെ സർക്കാർ നൽകുന്ന 5 രൂപ പ്രോത്സാഹന തുക തുടരുന്നതോടെ കർഷകർക്ക് ലഭിക്കുന്ന ആകെ തുക ലിറ്ററിന് 47 രൂപയായി ഉയരും. കർണാടക മിൽക്ക് ഫെഡറേഷൻ നിർദേശിച്ച വില വർധനവിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകുകയായിരുന്നു.
മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച കർണാടക മന്ത്രി കൃഷ്ണ ബൈരെ ഗൗഡയാണ് വിവരം പുറത്തുവിട്ടത്. ഒക്ടോബർ 6ന് തന്നെ മന്ത്രിസഭ ഈ നിർദേശത്തിന് അംഗീകാരം നൽകിയിരുന്നെങ്കിലും, നിയമനിർമാണ കൗൺസിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാലാണ് പ്രഖ്യാപനം നീണ്ടുപോയത്.
കന്നുകാലി തീറ്റ, പച്ചപ്പുല്ല്, മരുന്നുകൾ, ഗതാഗതം, പ്ലാസ്റ്റിക് പാക്കിംഗ് എന്നിവയുടെ ചെലവ് വർധിച്ചതും വറൾച്ച മൂലം തീറ്റപ്പുല്ലിനുണ്ടായ ക്ഷാമവും ചൂണ്ടിക്കാട്ടി മിൽക്ക് യൂണിയനുകൾ വില വർധനവ് ആവശ്യപ്പെട്ടിരുന്നു.
ഏകദേശം 10 ലക്ഷത്തോളം കർഷക കുടുംബങ്ങളാണ് ഉപജീവനത്തിനായി ക്ഷീരമേഖലയെ ആശ്രയിക്കുന്നത്. കുടുംബ ആവശ്യങ്ങൾക്കും വൈദ്യസഹായത്തിനുമായി ഭൂരിഭാഗം കർഷകരും ഈ വരുമാനത്തെയാണ് ആശ്രയിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.