അട്ടപ്പാടിയിലെ മദ്യനിരോധനം കൊണ്ട് എന്തു ഗുണം? വ്യാജമദ്യം വ്യാപകമെന്ന് ആരോഗ്യ മന്ത്രിയോട് ജനപ്രതിനിധികൾ
അട്ടപ്പാടി മേഖലയിൽ നിലവിലുള്ള മദ്യനിരോധനം കൊണ്ട് എന്തു മെച്ചമാണുണ്ടായതെന്ന് സമഗ്രമായി പഠിക്കണമെന്ന് തദ്ദേശ സ്വയംഭരണ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. പ്രദേശത്തുണ്ടാകുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വ്യാജമദ്യത്തിന്റെ ഉപയോഗം കാരണമായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
അട്ടപ്പാടിയിലെ ശിശുമരണങ്ങൾ ചർച്ച ചെയ്യുന്നതിനായി ആരോഗ്യമന്ത്രി കെ. മുരളീധരൻ വിളിച്ചുചേർത്ത പ്രത്യേക അവലോകന യോഗത്തിലാണ് ജനപ്രതിനിധികൾ ഈ വിഷയം ഉന്നയിച്ചത്. അട്ടപ്പാടിയിൽ വ്യാജമദ്യ ലഭ്യത വ്യാപകമാണെന്ന വിഷയം അഗളി പഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക് ആണ് യോഗത്തിൽ ആദ്യം ചൂണ്ടിക്കാട്ടിയത്. മദ്യനിരോധനം ഏർപ്പെടുത്തിയതു വഴി ആരോഗ്യരംഗത്തും ക്രമസമാധാന മേഖലയിലും എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടായതെന്ന് കൃത്യമായി പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അല്ലനും ഇതേ ആവശ്യം യോഗത്തിൽ ആവർത്തിച്ചു.
ജനപ്രതിനിധികളുടെ ആവശ്യത്തിന് മറുപടി നൽകവേ, മദ്യനിരോധനം പിൻവലിക്കാൻ താല്പര്യമുണ്ടെങ്കിൽ മേഖലയിലെ മൂന്ന് പഞ്ചായത്തുകളും പ്രമേയം പാസാക്കി സർക്കാരിനെ അറിയിക്കുകയാണ് വേണ്ടതെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ആരോഗ്യമന്ത്രി ഇവിടെ നേരിട്ടെത്തി മദ്യം ഒഴുക്കി എന്ന തരത്തിലുള്ള പഴി കേൾക്കാൻ താല്പര്യമില്ലെന്നും മന്ത്രി യോഗത്തിൽ പ്രതികരിച്ചു.