അഫ്ഗാനിസ്ഥാനിലെ ഭാരത താല്‍പര്യം
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തോട് ഭാരത സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്നതിനെ ചൊല്ലി ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ നടക്കുകയാണല്ലോ. നാലരക്കോടി മാത്രം ജനസംഖ്യയുള്ളതും ആറരലക്ഷം ചതുരശ്ര കിലോമീറ്റര്‍ ഭൂമിസ്ഥിതിയുള്ളതുമായ താരതമ്യേന വളരെ അവികസിതമായ രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. ഏഷ്യ ഭൂഖണ്ഡത്തെ അറേബ്യന്‍ മേഖലയോടും യൂറോപ്പിനോടും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ സ്ഥലത്താണ് അഫ്ഗാന്‍ സ്ഥിതി ചെയ്യുന്നത്. രൂപമെടുത്ത കാലം മുതല്‍ ഇന്നുവരെ നിരന്തരമായ ആന്തരിക സംഘര്‍ഷങ്ങളും ബാഹ്യ ഇടപെടലുകളും മൂലം ശാന്തത എന്തെന്നറിയാത്ത മേഖലയാണത്. അമേരിക്കയുടെയും റഷ്യയുടെയും നിയന്ത്രണത്തില്‍ മാറിമാറി വരികയും, തുടര്‍ന്ന് തീവ്രവാദികളുടെ വ്യത്യസ്ത സംഘടനകള്‍ ആധിപത്യം പുലര്‍ത്തുകയും ചെയ്തതാണ് സമീപകാല അഫ്ഗാന്‍ ചരിത്രം. ഒരിക്കല്‍ പാകിസ്ഥാനുമായി ഉറ്റ ബന്ധം പുലര്‍ത്തുകയും ഭാരതത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു.