ഇതുവരെ നടക്കാത്ത കാര്യങ്ങൾ അതിവേഗം നടപ്പാകുന്നു, റോഡ് നന്നാക്കുന്നു; രാഷ്ട്രപതിയെ വരവേൽക്കാൻ കുമരകം
കുമരകം ∙ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് കുമരകം കളർഫുൾ ആകുന്നു. നാട്ടുകാരും വിവിധ സംഘടനകളും ആവശ്യപ്പെട്ടിട്ടും നടക്കാത്ത കാര്യങ്ങളിപ്പോൾ അതിവേഗം നടപ്പാകുന്നു. പെട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കുന്നു. റോഡ് വശത്തെ കാടുകൾ വെട്ടി തെളിച്ചു വൃത്തിയാക്കുന്നു. വൈദ്യുതി വിതരണത്തിൽ തടസ്സപ്പെടാതിരിക്കാൻ ലൈനിലേക്ക് കിടക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്നു. കുമരകം റോഡിലെ പാലങ്ങൾ നിറം പൂശി ഭംഗിയാക്കുന്നു. ഞായർ അവധി ദിവസമായിട്ടു പോലും പൊതുമരാമത്ത് വകുപ്പിന്റെ ജോലികൾ നടന്നു. വൃത്തിയുള്ള റോഡ് വശങ്ങളും പാലങ്ങളുടെ കൈവരികളിലെ നിറവും യാത്രക്കാരുടെ മനം കുളിർപ്പിക്കുന്നു. രാഷ്ട്രപതി താമസിക്കുന്ന താജ് ഹോട്ടലിനു മുന്നിലെ റോഡ് വശത്ത് സുരക്ഷാ വേലി തീർത്തു.