പത്ത് കൊല്ലം മുൻപ് യുഡിഎഫ് മന്ത്രിസഭായോഗങ്ങളില്‍ ‘തീവെട്ടിക്കൊള്ള’ തീരുമാനങ്ങൾ; എൽഡിഎഫ് സർക്കാർ മന്ത്രിസഭയുടെ അവസാന ഘട്ടത്തിലും കൈക്കൊണ്ടത് നിർണായക തീരുമാനങ്ങൾ
അവസാന കാലയളവിലും ജനങ്ങൾക്കുള്ള ക്ഷേമ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ച വരുത്താതെ എൽഡിഎഫ് സർക്കാർ. മന്ത്രിസഭയുടെ അവസാന ഘട്ടത്തിലും നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനുമുള്ള നിർണായക തീരുമാനങ്ങളാണ് സർക്കാർ കൈകൊണ്ടത്. എന്നാൽ, 10 വർഷം മുൻപ് ഉമ്മൻ ചാണ്ടി സർക്കാറിന്‍റെ കാലത്ത് നിയമങ്ങളും ചട്ടങ്ങളും കാറ്റിൽപ്പറത്തി അവസാന നാളുകളിലും തീവെട്ടിക്കൊള്ളയാണ് നടത്തിയത്.
മന്ത്രിസഭയുടെ കാലാവധി അവസാനിക്കുന്ന നാളുകളിലും നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനുമുള്ള നിർണായക തീരുമാനങ്ങളാണ് എൽഡിഎഫ് സർക്കാർ സ്വീകരിക്കുന്നത്.
10,115 പേർക്ക് കൂടി 2000 രൂപ കർഷക പെൻഷൻ, 1857 അധ്യാപക അധിക തസ്തിക, പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനുള്ള അനുമതി തുടങ്ങി നിർണായക തീരുമാനങ്ങൾ ഈ സർക്കാരിൻ്റെതാണ്. പട്ടയഭൂമി ജീവനോപാധിയാക്കി മറ്റു തരത്തിൽ വിനിയോഗിക്കുന്നതിന് അനുമതി നൽകുന്ന ചട്ടങ്ങൾ മലയോര മേഖലയ്ക്ക് ഏറെ ആശ്വാസമാകും.
ക്ഷേമ പെൻഷൻ ഉൾപ്പെടെ തടസ്സം കൂടാതെ നൽകി. വന്യജീവി ആക്രമണങ്ങളില്‍ മരണപ്പെടുന്നവരുടെ ആശ്രിതർക്കുള്ള ധനസഹായം 10 ലക്ഷം രൂപയിൽ നിന്ന് 14 ലക്ഷം രൂപയാക്കി ഉയർത്തി. കൽപ്പറ്റ ടൗൺഷിപ്പ്, പള്ളിവാസൽ വിപുലീകരണ പദ്ധതി, പെരുമ്പളം പാലം എന്നിങ്ങനെ നാടിന്റെ അഭിമാന പദ്ധതികളും അവസാനഘട്ടത്തിൽ പൂർത്തിയാക്കാനായി.
പ്രതിപക്ഷത്തിന് പോലും വിമർശിക്കാൻ കഴിയാത്ത പദ്ധതികളാണ് ഈ സർക്കാർ പൂർത്തിയാക്കിയത്. എന്നാൽ പത്ത് വർഷം മുമ്പ് യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ഉമ്മൻചാണ്ടി സർക്കാർ ചെയ്തത് ഇതൊന്നും ആയിരുന്നില്ല. മന്ത്രിസഭായോഗങ്ങളില്‍ എടുത്ത തീരുമാനങ്ങളിൽ ഭൂരിഭാഗവും ഭൂമാഫിയകൾക്ക് തീറെഴുതുന്ന തീരുമാനങ്ങളും ഉത്തരവുകളുമാണ്. ഇന്നത്തെ പ്രതിപക്ഷ നേതാവ് തന്നെ യുഡിഎഫ് സർക്കാർ പരാജയമെന്ന് അഭിപ്രായപ്പെട്ടിരുന്നു.