നേമത്ത് ബിജെപി വൻതോതിൽ പണമൊഴുക്കുന്നു; അഘോരി സ്വാമിയെ എത്തിച്ചത് വർഗീയ സംഘർഷമുണ്ടാക്കാൻ; രാജീവ് ചന്ദ്രശേഖറിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് വി. ശിവൻകുട്ടി
നേമം മണ്ഡലത്തിലെ വികസന മുരടിപ്പിനെക്കുറിച്ചുള്ള ആരോപണങ്ങൾ തള്ളിക്കൊണ്ട് വി. ശിവൻകുട്ടി തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പുറത്തിറക്കി. വിദ്യാഭ്യാസ-ആരോഗ്യ മേഖലകൾക്ക് വലിയ പ്രാധാന്യം നൽകുന്ന മാനിഫെസ്റ്റോയിൽ കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിനുള്ള പ്രത്യേക പദ്ധതികളും നേമം താലൂക്ക് ആശുപത്രിയുടെ വികസനവും പ്രധാന വാഗ്ദാനങ്ങളാണ്.
കേന്ദ്രമന്ത്രി എന്ന നിലയിൽ നേമത്തിനോ തിരുവനന്തപുരത്തിനോ വേണ്ടി രാജീവ് ചന്ദ്രശേഖർ എന്തുചെയ്തു എന്ന് വ്യക്തമാക്കണമെന്ന് ശിവൻകുട്ടി ആവശ്യപ്പെട്ടു.
കഴിഞ്ഞ അഞ്ച് വർഷത്തെ തന്റെ പ്രവർത്തനങ്ങളും രാജീവ് ചന്ദ്രശേഖറിന്റെ പ്രവർത്തനങ്ങളും താരതമ്യം ചെയ്താൽ അദ്ദേഹത്തിന് ലഭിക്കുന്നത് ‘പൂജ്യം’ മാർക്കാണെന്ന് അദ്ദേഹം പരിഹസിച്ചു. മണ്ഡലത്തിൽ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന ആരോപണം കള്ളമാണെന്നും, ഒ. രാജഗോപാലിന്റെ അഞ്ച് വർഷവും തന്റെ അഞ്ച് വർഷവും തമ്മിലുള്ള താരതമ്യം അടങ്ങിയ പുസ്തകം എല്ലാ വീടുകളിലും എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ രാജീവ് ചന്ദ്രശേഖറിനെ അദ്ദേഹം പരസ്യ സംവാദത്തിന് വെല്ലുവിളിച്ചു. ഈ മാസം 29-ന് രാവിലെ മുതൽ ഉച്ചവരെ താൻ പൂജപ്പുരയിൽ ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖറിന് സംവാദത്തിന് വരാമെന്നും അദ്ദേഹം വ്യക്തമാക്കി.