പ്രചാരണ വാഹനങ്ങൾക്ക് ഓൺലൈൻ അനുമതി വേണം: സുവിധാ പോർട്ടൽ ഉപയോഗിക്കാം; നടപടികൾ ലളിതമാക്കിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നൽകുന്ന പ്രചാരണ വാഹന അനുമതികൾ, പൂർണ്ണമായും സുവിധാ പോർട്ടൽ വഴി ഓൺലൈനായി മാത്രമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ വ്യക്തമാക്കി. മാതൃകാ പെരുമാറ്റച്ചട്ടം (MCC) നിലനിൽക്കുന്ന സാഹചര്യത്തിൽ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ഉപയോഗിക്കുന്ന വിവിധ പ്രചാരണ വാഹനങ്ങൾക്കുള്ള അനുമതികളാണ് സുവിധാ (Suvidha) പോർട്ടൽ വഴി ഓൺലൈനായി മാത്രം ക്രമീകരിച്ചിരിക്കുന്നത് .
താഴെ പറയുന്ന മൂന്ന് വിഭാഗങ്ങൾക്കാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ (CEO) നേരിട്ട് അനുമതി നൽകുന്നത് * വീഡിയോ വാൻ അനുമതി (MCC 10.5.6): പ്രചാരണ വീഡിയോകൾ പ്രദർശിപ്പിക്കുന്ന വാഹനങ്ങൾ. * പ്രചാരണ സാമഗ്രികളുടെ ഗതാഗതം (MCC 10.5.4 (XI)): നോട്ടീസുകൾ, പോസ്റ്ററുകൾ തുടങ്ങിയവ എത്തിക്കുന്ന വാഹനങ്ങൾ. * സ്റ്റാർ ക്യാംപെയ്നർ വാഹന അനുമതി (MCC 10.5.9): അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ സ്റ്റാർ ക്യാംപെയ്നർമാർക്കായി അനുവദിക്കുന്നത്.
ആർസി ബുക്ക്, ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, PUCC (മലിനീകരണ സർട്ടിഫിക്കറ്റ്). ഡ്രൈവിംഗ് ലൈസൻസ്, ടാക്സ് രസീത്/പെർമിറ്റ് എന്നിവയാണ് അപേക്ഷ സമർപ്പിക്കുമ്പോൾ വേണ്ട ആവശ്യമായ രേഖകൾ. ഓഫ്‌ലൈൻ അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. വീഡിയോ വാനുകൾക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നേരിട്ടാണ് അനുമതി നൽകുന്നത്. വീഡിയോ വാനുകളുടെ അനുമതിക്കായി മോട്ടോർ വാഹന വകുപ്പിന്റെ (RTO) NOC, MCMC സർട്ടിഫിക്കറ്റ്, പരസ്യ ഫീസ് രസീത് അല്ലെങ്കിൽ ആർടിഒ അനുമതി എന്നിവ ആവശ്യമാണ്.
അംഗീകൃത പാർട്ടികൾക്ക് പബ്ലിസിറ്റി മെറ്റീരിയൽ സംസ്ഥാനതലത്തിൽ കൊണ്ടുപോകുന്ന വാഹനങ്ങൾക്കുള്ള അനുമതി (ഓരോ അംഗീകൃത രാഷ്ട്രീയ പാർട്ടിക്കും 6 എണ്ണം മാത്രം) പ്രചാരണ സാമഗ്രികൾ വിതരണം ചെയ്യാൻ മാത്രമേ ഈ വാഹനങ്ങൾ ഉപയോഗിക്കാവൂ. മൈക്ക് അനൗൺസ്‌മെന്റിനോ മറ്റ് പ്രചാരണങ്ങൾക്കോ ഇവ ഉപയോഗിക്കാൻ പാടില്ല. സ്റ്റാർ ക്യാംപെയ്നർമാരുടെ വാഹനങ്ങളുടെ വിൻഡ്സ്ക്രീനിൽ അനുമതി പത്രം നിർബന്ധമായും പ്രദർശിപ്പിക്കണം. സംസ്ഥാനതലത്തിൽ ഉപയോഗിക്കാവുന്ന ഈ അനുമതി പ്രത്യേക നിറത്തിലുള്ളതായിരിക്കും. സുവിധ പോർട്ടലിൽ ലഭ്യമായ അപേക്ഷാ മാതൃകകൾ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അപേക്ഷ ഓൺലൈൻ വഴി മാത്രം സമർപ്പിക്കാവുന്നതാണ് .