‘തോറ്റാൽ ആദ്യം ബിജെപി വിടുന്നത് ഹിമന്ത ആയിരിക്കും,അസമിൽ മത്സരം കോൺഗ്രസും ബിജെപിയും തമ്മിലല്ല’
നിയമസഭാ തിരഞ്ഞെടുപ്പിൽ അസമിൽ കോൺഗ്രസിന്റെ മുഖമാണ് യുവ നേതാവായ ഗൗരവ് ഗൊഗോയ്. അസം പിസിസി അധ്യക്ഷനായ ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് കോൺഗ്രസ് നിർണായകമായ തിരഞ്ഞെടുപ്പിനെ നേരിടുന്നത്്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും ഗൗരവ് ഗൊഗോയിയും നേർക്കുനേർ ഏറ്റുമുട്ടലിന്റെ സ്വഭാവത്തിലേക്ക് തിരഞ്ഞെടുപ്പ് ചിത്രം നീങ്ങുകയാണ്. ജോർഹട്ടിൽനിന്നുള്ള ലോക്സഭാംഗവും ലോക്സഭയിലെ പ്രതിപക്ഷ ഉപനേതാവുമായ ഗൗരവ് ഗൊഗോയി ജോർഹട്ടിൽനിന്ന് തന്നെയാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. അസം മൂൻ മുഖ്യമന്ത്രിയും അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവുമായ തരുൺ ഗൊഗോയിയുടെ മകനായ ഗൗരവ് ഗൊഗോയി അസമിലെ തിരഞ്ഞെടുപ്പിനേക്കുറിച്ച് മാതൃഭൂമിയുമായി സംവദിച്ചു.സംസാരത്തിനിടെ കേരളത്തിലെ തിരഞ്ഞെടുപ്പ് വിശേഷങ്ങളും ഗൗരവ് ഗൊഗോയ് ചോദിച്ചു
ജോർഹട്ടിന് തൊട്ടടുത്താണ് അപ്പർ അസമിലെ തിതാബാർ നിയമസഭ മണ്ഡലം. ഗൊഗോയി കുടുംബത്തിന് വൈകാരികമായി ഏറെ അടുപ്പമുള്ള പ്രദേശം. തരുൺ ഗൊഗോയി തിതാബാറിൽനിന്ന് 2001 മുതൽ നാല് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പെട്ടിരുന്നു. തരുൺഗൊഗോയിയുടെ കുടുംബ വേരുകളും ഇവിടെയാണ്. വലിയതോതിൽ ബന്ധമുള്ള തിതാബാർ മണ്ഡലത്തിലായിരുന്നു ശനിയാഴ്ച ഗൗരവ് ഗൊഗോയിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. കോൺഗ്രസ് വലിയ ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന അപ്പർ അസമിൽ രാഹുൽ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കളുടെ എത്തിച്ച് ശക്തമായ പ്രചാരണമാണ് കോൺഗ്രസ് നടത്തുന്നത്.
കേരളത്തിലേത് പോലെ സമയം തെറ്റി കടന്നുവരുന്ന മഴയാണ് അസമിലും. കേരളത്തിന് സമാനമായ പച്ചപ്പാണ് ഈ മേഖലയിൽ. പറമ്പുകൾക്കിടയിൽ വീടുകൾ. ഇടക്ക് പ്രത്യക്ഷപ്പെടുന്ന തെയില തോട്ടങ്ങൾ മാത്രമണ് ഏക വ്യത്യാസം. ശനിയാഴ്ച ഉച്ചയ്ക്കുശേഷം ചാറ്റൽ മഴയെ വകവെക്കാതെ തുറന്ന വാഹനത്തിൽ ഗൗരവിന്റെ പ്രചാരണം. വഴിയിൽ വീടുകൾക്ക് മുന്നിൽ സ്്ത്രീകളു കുട്ടികളും കാത്തുനിൽക്കുന്നു. അവരോട് കൈവീശി ചില ചെറു സ്വീകരണങ്ങളിൽ പ്രസംഗിച്ച് ഗൗരവ് പ്രചാരണ യാത്ര തുടരുന്നു. പ്രധാന സംഗമവേദികളിൽ നല്ല ആൾക്കൂട്ടമുണ്ട്.