നടപടി ഉടൻ, പരാതി പരിഹരിക്കാൻ 100 മിനിറ്റ്; സജ്ജരായി ആന്റി ഡിഫേയ്‌സ്‌മെന്റ് സ്ക്വാഡ്
പത്തനംതിട്ട: നിയമങ്ങൾ പാലിക്കപ്പെടാനുള്ളതാണ്. ഇതുതന്നെയാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പരാതിക്കിടനൽകാതെ നടത്താൻ നിയോഗിക്കപ്പെട്ടിട്ടുള്ള ആന്റി ഡിഫേയ്‌സ്‌മെന്റ് സ്ക്വാഡിനും പറയാനുളളത്. പരാതി ലഭിച്ചാൽ പരിഹരിക്കാൻ 100 മിനിറ്റാണ് സ്ക്വാഡിന് അനുവദിച്ചിരിക്കുന്ന സമയം. ഇതിനകം പരാതി പരിഹരിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്.
പരാതി പരിഹരിക്കാൻ ജില്ലയിൽ 18 പോയിന്റുകളിൽ വീഡിയോ ടീം ഉൾപ്പെടെ ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡിനെ തയ്യാറാക്കി നിർത്തിയിട്ടുണ്ട്. ഒരു പോലീസ് ഉദ്യോഗസ്ഥനും ഒാരോ ടീമിനൊപ്പമുണ്ടാകും. കൗണ്ടിങ് ദിവസം വരെയുണ്ട് നിരീഷണം.
ഫ്ലയിങ് സ്ക്വാഡിൽ 45 അംഗങ്ങളാണുള്ളത്. ഇവർക്ക് വാഹനം, വീഡിയോ ടീം എന്നിവ നൽകിയിട്ടുണ്ട്. ഒരു മണ്ഡലത്തിൽ ഒൻപത് എണ്ണമാണുള്ളത്. 24 മണിക്കൂറും പ്രവർത്തിക്കും. കുറ്റം കണ്ടെത്തിയാൽ അവിടെയെത്തി വീഡിയോ ചിത്രികരിക്കുകയും വേണ്ടപ്പെട്ടവരെ വിവരം അറിയിക്കുകയും ചെയ്യും. സ്റ്റാറ്റിക് സർവൈലൻസ് 18 അംഗങ്ങളാണുള്ളത്. അനുവാദം കൂടാതെ സ്വകാര്യ മതിലിലോ പൊതു സ്ഥലത്തോ ചുവരെഴുതുകയൊ പോസ്റ്ററൊട്ടിക്കുകയോ ചെയ്താൽ പിഴ ഒടുക്കേണ്ടി വരുന്നത് സ്ഥാനാർഥിയാണ്. 40 ലക്ഷം രൂപയാണ് ഒരു സ്ഥാനാർഥിക്കും ചെലവാക്കാവുന്ന തുക. ഇതിൽ നിന്നാണ് പിഴയും അടപ്പിക്കുന്നത്. ഇതിനോടകം വിവിധ രാഷ്രീയ പാർട്ടികൾ സ്ഥാപിച്ച ബാനർ, ഫ്‌ളക്‌സ്, പോസ്റ്റർ, ഫ്ളാഗ് ഉൾപ്പെടെ നീക്കം ചെയ്തിട്ടുണ്ട്. ഇതുവരെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് 13,197 പോസ്റ്ററുകൾ നീക്കം ചെയ്തു. പൊതുസ്ഥലങ്ങളിൽ പതിച്ച 224 പോസ്റ്ററുകളും സ്വകാര്യ പരാതികളിൽ 22 പോസ്റ്ററുകളും നീക്കി.
നോഡൽ ഓഫീസർ ഡി.എം. ഡെപ്യൂട്ടി കളക്ടർ ജി. സുരേഷ് ബാബു, അസിസ്റ്റന്റ് നോഡൽ ഓഫീസർ കിഫ്ബി സ്‌പെഷ്യൽ തഹസിൽദാർ ജി. ആനന്ദ് എന്നിവരുടെ മേൽനോട്ടത്തിലാണ് സ്‌ക്വാഡിന്റെ പ്രവർത്തനം