സംവിധായകന്‍ രഞ്ജിത്തിന് വന്‍ തിരിച്ചടി; ലൈംഗികാതിക്രമ കേസില്‍ ജാമ്യാപേക്ഷ കോടതി തള്ളി; തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍
കൊച്ചി ലൈംഗിക പീഡന കേസിൽ ഉൾപ്പെട്ട പ്രമുഖ ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിന് കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. രഞ്ജിത്ത് സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, പ്രതിയെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നുമുള്ള പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെ രഞ്ജിത്തിന്റെ റിമാൻഡ് കാലാവധിയും നീണ്ടുപോകും.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയർന്നുവന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. സിനിമാ മേഖലയിലെ പ്രമുഖർ പ്രതികളായ കേസുകളിൽ കോടതിയുടെ ഈ നിലപാട് അതീവ നിർണ്ണായകമാണ്.രഞ്ജിത്തിന് ജാമ്യം അനുവദിക്കുന്നതിനെ പോലീസ് കോടതിയിൽ ശക്തമായി എതിർത്തിരുന്നു. നിലവിൽ മറ്റ് രണ്ട് സമാന കേസുകളിൽ ഇയാൾ ജാമ്യത്തിലാണെന്ന വസ്തുത പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. പുതിയ കേസിൽ കൂടി ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും പ്രതിക്ക് സാധിക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
പ്രതിയുടെ സ്വാധീനശക്തി അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയും കോടതി ഗൗരവത്തോടെയാണ് കണ്ടത്. ഇതോടെ മുൻ കേസുകളിൽ ലഭിച്ച ജാമ്യം റദ്ദാക്കാനുള്ള നിയമനടപടികൾ പോലീസ് സംഘം ഊർജ്ജിതമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അന്വേഷണം കർശനമാക്കിയിരിക്കുകയാണ്.കരൾ മാറ്റ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രഞ്ജിത്തിന്റെ അഭിഭാഷകൻ ജാമ്യത്തിനായി വാദിച്ചത്. പ്രതിക്ക് പ്രത്യേക പരിഗണനയും ചികിത്സയും ആവശ്യമാണെന്ന് പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചു.