'ആഘോഷം ഒന്നും വേണ്ട, എംഎൽഎ ആയില്ലെങ്കിലും കുഴപ്പമില്ല..'; കലാശക്കൊട്ട് ഉപേക്ഷിച്ച് റാന്നിയിലെ യുഡിഎഫ് സ്ഥാനാർഥി
കലാശക്കൊട്ട് ഉപേക്ഷിച്ച് റാന്നി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. പഴകുളം മധു. മധുവിന്റെ നേതൃത്വത്തിൽ റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ സത്യാഗ്രഹം നടക്കുകയാണ്. 2018-ൽ റാന്നി വെള്ളത്തിൽ മുങ്ങിയ പ്രളയം മനുഷ്യനിർമിതമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ വെളിപ്പെടുത്തലാണ് ഇത്തരമൊരു സത്യാഗ്രഹത്തിന് പ്രേരണയായതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. ആന്‍റോ ആന്‍റണി എംപി ഉൾപ്പെടെ സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നുണ്ട്. 'പ്രളയത്തിന്‍റെ ഏറ്റവും വലിയ ദുരന്തം അനുഭവിച്ച ഒരു നാടാണ് റാന്നി. ഇവിടുത്തെ സ്വത്തുക്കൾ മുഴുവൻ വെള്ളത്തിൽ മുങ്ങിപ്പോയി. ആ ദുരന്തം ഉണ്ടാക്കിയത് മനുഷ്യനിർമിതമാണെന്നും അഴിമതിക്ക് വേണ്ടിയാണെന്നും അന്നേ ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇന്ന് പിണറായി മന്ത്രിസഭയിലെ ഒരു മന്ത്രി തന്നെ ആ വെളിപ്പെടുത്തൽ നടത്തിയത് റാന്നിയെ ഞെട്ടിച്ചിരിക്കുകയാണ്. അതുകൊണ്ട് ആഘോഷം ഒന്നും വേണ്ട. ഇത് ആഘോഷത്തിനുള്ള സമയമല്ല' - മധു മനോരമ ന്യൂസിനോട് പ്രതികരിച്ചു.
'റാന്നിയെ വെള്ളത്തിൽ മുക്കിയ, റാന്നിയെ നശിപ്പിച്ച ആ പ്രളയത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരുകയാണ് ലക്ഷ്യം. എംഎൽഎ ആവുക എന്നത് ജീവിതത്തിലെ വലിയ ഭാഗ്യം അല്ല. മണ്ണ് വിറ്റ് പണം ഉണ്ടാക്കാൻ വേണ്ടി നടത്തിയ വലിയ അഴിമതിയാണത്. അതിനെതിരെ റാന്നി മുഴുവൻ ഇന്ന് പ്രതിഷേധിക്കുകയാണ്. അതുകൊണ്ട് കലാശക്കൊട്ട് വേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്' - മധു പറഞ്ഞു. തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്തെത്തിയത്. 2018-ൽ കേരളത്തെ തകർത്ത പ്രളയം മനുഷ്യനിർമിതമാണെന്നും പിണറായി സർക്കാരാണ് ഉത്തരവാദിയെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. മന്ത്രി കെ. കൃഷ്ണൻകുട്ടി പാർട്ടിയിലെ നേതാവുമായി സംസാരിക്കുന്ന ശബ്ദ സന്ദേശവും ആരോപണത്തിന് മൂർച്ച കൂട്ടാൻ കുഴൽനാടൻ പുറത്തുവിട്ടിരുന്നു. റാന്നിക്ക് പിന്നാലെ 2018ലെ പ്രളയം വലിയ രീതിയിൽ ബാധിച്ച ആറന്മുളയിലും കോൺഗ്രസ് പ്രതിഷേധം ഉയരുന്നുണ്ട്.