അനന്ത് അംബാനി ഗുരുവായൂരിലും രാജരാജേശ്വര ക്ഷേത്രത്തിലും ദർശനം നടത്തി; 3 കോടി വീതം സംഭാവന നൽകി
രണ്ട് ക്ഷേത്രങ്ങൾക്കും 3 കോടി വീതം സംഭാവന നൽകുകയും, രാജരാജേശ്വര ക്ഷേത്രത്തിന്റെ സമഗ്ര നവീകരണത്തിനായി 12 കോടി വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതിൽ ചരിത്രപ്രാധാന്യമുള്ള കിഴക്കൻ ഗോപുരത്തിന്റെ പുനരുദ്ധാരണവും ഉൾപ്പെടുന്നു. കൂടാതെ, ഗുരുവായൂരിലെ ആനക്ഷേമ പ്രവർത്തനങ്ങൾക്കായി അധിക പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ അനന്ത് അംബാനി കേരളത്തിലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവും ഗുരുവായൂർ ക്ഷേത്രവും സന്ദർശിച്ചു. രണ്ട് ക്ഷേത്രങ്ങൾക്കും 3 കോടി വീതം സംഭാവന നൽകുകയും ചെയ്തു.
രാജരാജേശ്വര ക്ഷേത്രത്തിന്റെ സമഗ്ര നവീകരണത്തിനായി 12 കോടി വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതിൽ ചരിത്രപ്രാധാന്യമുള്ള കിഴക്കൻ ഗോപുരത്തിന്റെ പുനരുദ്ധാരണവും ഉൾപ്പെടുന്നു. കൂടാതെ, ഗുരുവായൂരിലെ ആനക്ഷേമ പ്രവർത്തനങ്ങൾക്കായി അധിക പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു.
ഏപ്രിൽ 2-ാം തീയതി രാത്രി ഏകദേശം 8 മണിയോടെ തളിപ്പറമ്പിലെ ചരിത്രപ്രാധാന്യമുള്ള രാജരാജേശ്വര ക്ഷേത്രത്തിൽ എത്തിയ അനന്ത് അംബാനി, പൊന്നുംകുടം, പട്ടം, താലി, നെയ്യമൃത് തുടങ്ങിയ പരമ്പരാഗത വഴിപാടുകൾ സമർപ്പിക്കുകയും അശ്വമേധ നമസ്കാരം നിർവഹിക്കുകയും ചെയ്തു.
ക്ഷേത്ര നവീകരണത്തിനായി 3 കോടി രൂപയുടെ ചെക്കും അദ്ദേഹം കൈമാറി. 12 കോടിയുടെ സമഗ്ര നവീകരണത്തിന്റെ ഭാഗമായി, ക്ഷേത്രത്തിന്റെയത്ര തന്നെ പുരാതനമെന്നു കരുതപ്പെടുന്ന, ശില്പശൈലിയും പുരാവസ്തു പ്രാധാന്യവും നിറഞ്ഞ കിഴക്കൻ ഗോപുരത്തിന്റെ പുനരുദ്ധാരണത്തിനും അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു.
രണ്ട് നൂറ്റാണ്ടിലേറെയായി കേടുപാടുകളോടെ നിലനിന്നിരുന്ന ഈ ഗോപുരത്തിന്റെ പുനരുദ്ധാരണ പ്രഖ്യാപനം ഭക്തർക്കും ക്ഷേത്ര അധികാരികൾക്കും ഏറെ സന്തോഷം നൽകിയ ഒരു മുഹൂർത്തമായി.
ഭക്തർക്കുള്ള സമഗ്ര അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഈ തുകയിൽ നിന്ന് ഒരു ഭാഗം പാർക്കിംഗ് സൗകര്യങ്ങളും മറ്റു അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനും വിനിയോഗിക്കും. അനന്ത് അംബാനിയോടൊപ്പം അടുത്ത സഹപ്രവർത്തകരും ഉണ്ടായിരുന്നു. ക്ഷേത്ര അധികാരികൾ അദ്ദേഹത്തെ പരമ്പരാഗത ബഹുമതികളോടെ സ്വീകരിച്ചു. ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി പി വിനോദ് കുമാർ, എക്സിക്യൂട്ടീവ് ഓഫീസർ കെ. പി. വിനയൻ, മുഖ്യ തന്ത്രി ഇ. പി. കുബേരൻ നമ്പൂതിരി, ദേവസ്വം ബോർഡ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.