സൂര്യവംശിയുടെ വെടിക്കെട്ട്, ജുറെലിന്റെ തകർപ്പൻ അർധസെഞ്ചുറി; ബെംഗളൂരുവിനെ തകർത്ത് രാജസ്ഥാൻ
ഗുവാഹത്തി: ഐപിഎല്ലിൽ കരുത്തരുടെ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്. 81 റൺസുമായി പുറത്താകാതെ നിന്ന ധ്രുവ് ജുറെലിന്റെയും വെടിക്കെട്ട് ബാറ്റിങ്ങിലൂടെ 78 റൺസ് അടിച്ചുകൂട്ടിയ കൗമാരതാരം വൈഭവ് സൂര്യവംശിയുടെയും മികവിലാണ് രാജസ്ഥാൻ തകർപ്പൻ വിജയം സ്വന്തമാക്കിയത്. ബെംഗളൂരു ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 18 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി.
43 പന്തുകളിൽ മൂന്ന് സിക്സുകളും എട്ടു ഫോറുകളുമടക്കം 81 റൺസടിച്ചു പുറത്താകാതെനിന്ന ധ്രുവ് ജുറേലാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. 26 പന്തിൽ ഏഴു സിക്സുകളും എട്ടു ഫോറുകളുമുൾപ്പടെയാണ് വൈഭവ് സൂര്യവംശി 78 റൺസെടുത്തത്. 25 പന്തിൽ 24 റൺസുമായി രവീന്ദ്ര ജഡേജ രാജസ്ഥാൻ നിരയിൽ പുറത്താകാതെ നിന്നു. രാജസ്ഥാനായി സൂര്യവംശിയും ജുറെലും ചേർന്ന് വെറും 37 പന്തിൽ കെട്ടിപ്പടുത്ത 108 റൺസിന്റെ കൂട്ടുകെട്ടാണ് വിജയം അനായാസമാക്കിയത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആർസിബി 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 201 റൺസെടുത്തത്. മുൻനിര തകർന്നടിഞ്ഞ് പ്രതിസന്ധിയിലായ ടീമിനെ നായകൻ രജത് പാട്ടിദാറാണ് മുന്നിൽനിന്ന് നയിച്ചത്. 40 പന്തിൽ നിന്ന് നാല് വീതം സിക്‌സും ഫോറുമടക്കം 63 റൺസെടുത്ത രജത് പാട്ടിദാറാണ് ടീമിന്റെ ടോപ് സ്‌കോറർ.