സഖ്യരാജ്യങ്ങളെ പുനഃപരിശോധിക്കും; പ്രതിരോധം ശക്തമാക്കാൻ യുഎഇ
അബുദാബി ∙ യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തിന് വിരാമമിട്ട് വെടിനിർത്തൽ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, തങ്ങളുടെ സുരക്ഷാ നിലപാടുകളും രാജ്യാന്തര സഖ്യങ്ങളും യുഎഇ പുനഃപരിശോധിക്കുന്നു. ഇറാൻ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ആപൽഘട്ടത്തിൽ ആരെ വിശ്വസിക്കാമെന്ന് തിരിച്ചറിയാൻ ഈ വിലയിരുത്തൽ അത്യാവശ്യമാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി. ഈ മാസം എട്ടിന് നിലവിൽ വന്ന വെടിനിർത്തലോടെ 39 ദിവസം നീണ്ടുനിന്ന തീവ്രമായ യുദ്ധത്തിനാണ് താൽക്കാലിക ശമനമായത്.
ഇറാൻ നടത്തിയ കടന്നാക്രമണത്തിൽ നിന്ന് പൂർണമായ പാഠങ്ങൾ ഉൾക്കൊള്ളാൻ സമയമെടുക്കുമെങ്കിലും രാജ്യത്തിന്റെ പ്രതിരോധവും അതിജീവന ശേഷിയും ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു. ഫെബ്രുവരി 28-ന് യുഎഇ ലക്ഷ്യമാക്കി ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. അയൽരാജ്യങ്ങളെ ലക്ഷ്യമിടുന്ന ഇറാന്റെ നടപടി വിശ്വസിക്കാൻ കൊള്ളാത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മേഖലയിൽ സമാധാനം തിരിച്ചുവരുന്നത് ആശ്വാസകരമാണെങ്കിലും ദേശീയ മുൻഗണനകൾ യുക്തിസഹമായി വിലയിരുത്തി മുന്നോട്ട് പോകാനാണ് യുഎഇയുടെ തീരുമാനം.
സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനൊപ്പം തന്നെ വിശ്വസിക്കാവുന്ന പ്രാദേശിക-രാജ്യാന്തര ബന്ധങ്ങൾക്ക് വരുംദിവസങ്ങളിൽ യുഎഇ കൂടുതൽ പ്രാധാന്യം നൽകും. രാജ്യത്തിന്റെ വിജയകരമായ മാതൃക സംരക്ഷിക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനുമുള്ള നീക്കങ്ങളാണ് ഇനി ഉണ്ടാകുകയെന്നും ഗർഗാഷ് കൂട്ടിച്ചേർത്തു.