പശ്ചിമേഷ്യയിൽ വെടിനിർത്തൽ; ഇസ്രായേലും ലെബനനും ധാരണയിലെത്തി; ഇറാനെതിരെ ഉപരോധം കടുപ്പിച്ച് യുഎസ്
വാഷിംഗ്ടണ്‍: പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ണ്ണായകമായ ഒരു വഴിത്തിരിവില്‍ എത്തിനില്‍ക്കെ, ഇറാനെതിരെ അമേരിക്കയുടെ കടുത്ത നിലപാടുകളും സമാധാനത്തിനായുള്ള പുതിയ നീക്കങ്ങളും ഒരേസമയം സജീവമാകുന്നു. ഇറാനെതിരെയുള്ള നാവിക ഉപരോധം കര്‍ശനമായി തുടരുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പ്രഖ്യാപിച്ചതിന് പിന്നാലെ, ഇസ്രായേലും ലെബനനും തമ്മില്‍ പത്ത് ദിവസത്തെ വെടിനിര്‍ത്തലിന് ധാരണയായത് മേഖലയ്ക്ക് നേരിയ ആശ്വാസമാണ്. മാസങ്ങളായി തുടരുന്ന സംഘര്‍ഷത്തിന് താല്‍ക്കാലിക ശമനം നല്‍കി ഇസ്രായേലും ലെബനനും പത്ത് ദിവസത്തെ വെടിനിര്‍ത്തലിന് സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 16 വ്യാഴാഴ്ച രാത്രി ഒമ്പത് മണി മുതല്‍ ഈ കരാര്‍ പ്രാബല്യത്തില്‍ വരും. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണിനെയും ട്രംപ് വൈറ്റ് ഹൗസിലേക്ക് ചര്‍ച്ചയ്ക്കായി ക്ഷണിച്ചിട്ടുണ്ട്.