മുസ്ലീം ലീഗ് വനിത നേതാവിനെതിരെ ലൈംഗിക ചുവയോടെയുള്ള വാർത്ത; ‘ലേറ്റസ്റ്റ്’ എഡിറ്റർക്ക് സുപ്രീം കോടതിയിലും തിരിച്ചടി; ശിക്ഷ ശരിവെച്ചു; ഹസീന താജുദീന് നിയമപോരാട്ടത്തിൽ വിജയം
കാഞ്ഞങ്ങാട് മുൻ മുനിസിപ്പൽ ചെയർപേഴ്‌സൺ ഹസീന താജുദീനെതിരെ അപകീർത്തികരമായ വ്യാജവാർത്ത നൽകിയ കേസിൽ ‘ലേറ്റസ്റ്റ്’ സായഹ്ന പത്രത്തിന്റെ മാനേജിങ് എഡിറ്റർ അരവിന്ദൻ മാണിക്കോത്തിന്റെ ശിക്ഷ സുപ്രീം കോടതി ശരിവെച്ചു. 2013-ൽ ഹസീന നഗരസഭാ അധ്യക്ഷയായിരിക്കെ അവർക്കെതിരെ ലൈംഗിക ചുവയുള്ളതും അന്തസ്സിന് നിരക്കാത്തതുമായ വാർത്ത പ്രസിദ്ധീകരിച്ചതിനാണ് കോടതി നടപടി സ്വീകരിച്ചത്. നേരത്തെ ഹോസ്ദുർഗ് കോടതി വിധിച്ച തടവും പിഴയും ഹൈക്കോടതി ശരിവെച്ചിരുന്നുവെങ്കിലും ഇതിനെതിരെ അരവിന്ദൻ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ കീഴ്ക്കോടതികളുടെ വിധിയിൽ ഇടപെടാൻ സുപ്രീം കോടതി തയ്യാറായില്ലെന്ന് മാത്രമല്ല ഹർജിക്കാരന്റെ നിലപാടുകളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ജസ്റ്റിസ് സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളി ശിക്ഷാ നടപടികൾ അന്തിമമാണെന്ന് വ്യക്തമാക്കിയത്.കോടതി നിർദ്ദേശിച്ച പിഴത്തുക കെട്ടിവെക്കുന്നതിൽ അരവിന്ദൻ തുടർച്ചയായി വീഴ്ച വരുത്തിയത് സുപ്രീം കോടതിയുടെ കടുത്ത അതൃപ്തിക്ക് കാരണമായി.
പിഴ അടയ്ക്കാൻ രണ്ടുതവണയിലധികം സമയം അനുവദിച്ചിട്ടും അത് പാലിക്കാൻ ഹർജിക്കാരൻ തയ്യാറാകാത്തതിനെത്തുടർന്നാണ് കോടതി അപ്പീൽ തള്ളാൻ തീരുമാനിച്ചത്. നിയമവ്യവസ്ഥയോടുള്ള അനാദരവായാണ് കോടതി ഈ പ്രവൃത്തിയെ വിലയിരുത്തിയത് എന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പിഴയടയ്ക്കാത്ത പക്ഷം തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന മുൻ ഉത്തരവുകൾ ഇതോടെ പ്രാബല്യത്തിൽ വരും. നീതി ലഭിക്കാനായി വർഷങ്ങൾ നീണ്ട പോരാട്ടം നടത്തിയ ഹസീനയ്ക്ക് സുപ്രീം കോടതിയുടെ ഈ ഇടപെടൽ വലിയ ആശ്വാസമാണ് നൽകുന്നത്.