Select Location
All Locations
State
Region
City / District
ദില്ലി എൻ.സി.ആർ മേഖലയിലെ തൊഴിലാളി വിരുദ്ധ നടപടികൾ നിർത്തലാക്കണം: കേന്ദ്രത്തിന് കത്തയച്ച് മന്ത്രി വി ശിവൻകുട്ടി

ദില്ലി എൻ.സി.ആർ മേഖലയിലെ തൊഴിലാളി വിരുദ്ധ നടപടികൾ നിർത്തലാക്കണം: കേന്ദ്രത്തിന് കത്തയച്ച് മന്ത്രി വി ശിവൻകുട്ടി

ദില്ലി എൻ.സി.ആർ മേഖലയിലെ ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ന്യായമായ ആവശ്യങ്ങൾക്കായി സമരം ചെയ്യുന്ന തൊഴിലാളികൾക്കെതിരെ നടക്കുന്ന ക്രൂരമായ അടിച്ചമർത്തലുകളിൽ ആശങ്ക അറിയിച്ചുകൊണ്ട് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി കേന്ദ്ര തൊഴിൽ മന്ത്രിക്കു കത്തയച്ചു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വേതന വർദ്ധനവിനും നിയമപരമായ ആനുകൂല്യങ്ങൾക്കും വേണ്ടി സമരം ചെയ്യുന്ന തൊഴിലാളികളെ പൊലീസ് സന്നാഹമുപയോഗിച്ച് നേരിടുന്നത് ജനാധിപത്യ വിരുദ്ധമാണ്. തൊഴിലാളി നേതാക്കൾക്കെതിരെ കള്ളക്കേസുകൾ ചുമത്തുന്നതും ഗ്രാമങ്ങളിൽ അതിക്രമിച്ചു കയറി അറസ്റ്റ് നടത്തുന്നതും അംഗീകരിക്കാനാവില്ല. ഇത്തരം അടിച്ചമർത്തലുകൾ നിർത്തിവെക്കാനും അറസ്റ്റ് ചെയ്തവരെ നിരുപാധികം വിട്ടയക്കാനും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകണമെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുന്ന നിലപാടാണ് കേരള സർക്കാർ സ്വീകരിക്കുന്നത്. രാജ്യത്തിന് തന്നെ മാതൃകയായി 85 മേഖലകളിൽ മിനിമം വേതനം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. തൊഴിലാളികളുടെ ക്ഷേമത്തിനും അന്തസ്സിനും പ്രാധാന്യം നൽകുന്ന ഇത്തരം മാതൃകകൾ പിന്തുടരുന്നതിന് പകരം സമാധാനപരമായി സമരം ചെയ്യുന്നവരെ അടിച്ചമർത്തുന്നത് ദൗർഭാഗ്യകരമാണ്. ദേശീയ തലസ്ഥാന മേഖലയിലെ പീഡനങ്ങൾക്ക് അറുതി വരുത്താനും തൊഴിലാളി പ്രതിനിധികളുമായി ചർച്ച നടത്തി അവരുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കാനും കേന്ദ്ര തൊഴിൽ മന്ത്രാലയം ഉടൻ ഇടപെടണമെന്നും മന്ത്രി കത്തിൽ ആവശ്യപ്പെട്ടു.


Kairali News 1 hour ago
Home Flash News