Select Location
All Locations
State
Region
City / District
സർവീസുകൾ പുനരാരംഭിക്കാൻ എയർ അറേബ്യ; കേരളത്തിലേക്ക് ഉൾപ്പെടെ 52 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാനങ്ങൾ

സർവീസുകൾ പുനരാരംഭിക്കാൻ എയർ അറേബ്യ; കേരളത്തിലേക്ക് ഉൾപ്പെടെ 52 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാനങ്ങൾ

ഷാർജ ∙ കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്നുണ്ടായ തടസ്സങ്ങൾ മാറി യുഎഇയിലെ വിമാനത്താവളങ്ങൾ സാധാരണ നിലയിലായതോടെ എയർ അറേബ്യ സർവീസുകൾ പുനരാരംഭിക്കുന്നു. നിലവിൽ പരിമിതമായ എണ്ണം വിമാനങ്ങളാണ് ഷാർജയിൽ നിന്ന് സർവീസ് നടത്തുന്നത്. അധികൃതരുടെ അനുമതിക്ക് വിധേയമായി കൂടുതൽ വിമാനങ്ങൾ ഉടൻ സർവീസ് തുടങ്ങുമെന്ന് എയർ അറേബ്യ അറിയിച്ചു.

യാത്രക്കാർക്ക് എയർ അറേബ്യ വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ അല്ലെങ്കിൽ അംഗീകൃത ട്രാവൽ ഏജന്റുമാർ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. നേരത്തെ വിമാനങ്ങൾ റദ്ദാക്കിയ യാത്രക്കാർക്ക്, റീഫണ്ട് വാങ്ങിയിട്ടില്ലെങ്കിൽ ടിക്കറ്റുകൾ സൗജന്യമായി റീബുക്ക് ചെയ്യാനുള്ള സൗകര്യവും എയർ അറേബ്യ ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് സർവീസ് മധ്യപൂർവദേശം, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലായി രാജ്യാന്തര തലത്തിലുള്ള 52 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് നിലവിൽ വിമാനങ്ങൾ പറക്കുന്നത്. ഇന്ത്യയിൽ കൊച്ചിക്ക് പുറമെ അഹമ്മദാബാദ്, ചെന്നൈ, ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്ക് സർവീസുകളുണ്ട്. കൊച്ചിയിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമാകും. ശ്രീലങ്കയിലെ കൊളംബോ, നേപ്പാളിലെ കാഠ്മണ്ഡു, പാക്കിസ്ഥാനിലെ ഇസ്​ലാമാബാദ്, കറാച്ചി, ലാഹോർ എന്നിവിടങ്ങളിലേക്കും സർവീസുകൾ തുടങ്ങിയിട്ടുണ്ട്. കൂടാതെ സൗദി അറേബ്യയിലെ റിയാദ്, ജിദ്ദ, ദമാം തുടങ്ങിയ നഗരങ്ങളിലേക്കും തുർക്കിയിലെ ഇസ്താംബുൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കും വിമാനങ്ങൾ പുറപ്പെടുന്നുണ്ട്.

ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് നിർദേശം വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയർ അറേബ്യ നിർദ്ദേശിച്ചു. ഷാർജ പൊലീസും വിമാനത്താവള അധികൃതരും യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി വിമാനത്താവള പരിസരത്ത് സജീവമാണ്. യാത്രാ തടസ്സങ്ങൾ ഒഴിവാക്കാൻ വിമാനത്താവളത്തിൽ നേരത്തെ എത്തണമെന്ന് ട്രാഫിക് പൊലീസും അറിയിച്ചിട്ടുണ്ട്.

ബെയ്‌റൂട്ട്, ബഹ്‌റൈൻ, ഈജിപ്തിലെ കയ്‌റോ, അലക്സാണ്ട്രിയ, ഗ്രീസിലെ ഏതൻസ് തുടങ്ങിയ രാജ്യാന്തര നഗരങ്ങളിലേക്കുള്ള വിമാന ഷെഡ്യൂളുകൾ മാറ്റങ്ങൾക്ക് വിധേയമാകാൻ സാധ്യതയുള്ളതിനാൽ വിമാനക്കമ്പനിയുടെ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.


Manorama News 2 hours ago
Home Flash News