ബംഗാളിൽ മാദ്ധ്യമപ്രവർത്തകർക്ക് പ്രതിമാസം 5,000 രൂപ പെൻഷൻ വാഗ്ദാനവുമായി ബിജെപി
എൻഡിഎ സർക്കാർ അധികാരത്തിലെത്തിയാൽ എല്ലാ മാദ്ധ്യമപ്രവർത്തകർക്കും പ്രതിമാസം 5,000 രൂപ ക്ഷേമബത്ത അനുവദിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സാമിക് ഭട്ടചാര്യ പറഞ്ഞു
News18 News18 കൊൽക്കത്ത: പശ്ചിമബംഗാളിൽ മാദ്ധ്യമപ്രവർത്തകർക്ക് പെൻഷൻ വാഗ്ദാനം ചെയ്ത് ബിജെപി. എൻഡിഎ സർക്കാർ അധികാരത്തിലെത്തിയാൽ എല്ലാ മാദ്ധ്യമപ്രവർത്തകർക്കും പ്രതിമാസം 5,000 രൂപ പെൻഷൻ അനുവദിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സാമിക് ഭട്ടചാര്യ പറഞ്ഞു. കൊൽക്കത്തയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പ്രതികരണം. എല്ലാ അംഗീകൃത മാധ്യമപ്രവർത്തകർക്ക് ഈ ആനുകൂല്യം ലഭ്യമാകുമെന്നും ഇക്കാര്യത്തിൽ യാതൊരു വേർതിരിവും ഉണ്ടാകില്ലെന്നും ഭട്ടാചാര്യ അറിയിച്ചു. തങ്ങളെ അനുകൂലിച്ച് എഴുതുന്നവരും തങ്ങൾക്കെതിരെ എഴുതുന്നവരും സുഹൃത്തുക്കളാണ്. നിങ്ങളുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും മാനിക്കുന്നു. മാധ്യമപ്രവർത്തക സമൂഹത്തിന് സാമ്പത്തിക പിന്തുണയും സുരക്ഷാഭാവവും നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. വലിയ തുകയല്ലെങ്കിലും ഇത് പ്രയോജനകരമാകുമെന്നും പദ്ധതിയുടെ നടപ്പാക്കൽ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും ഭട്ടാചാര്യ അറിയിച്ചു.
ഏപ്രിൽ 23,29 തീയതികളിൽ രണ്ട് ഘട്ടങ്ങളായാണ് പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ടത്തിൽ 152 മണ്ഡലങ്ങളിലെ വോട്ടർമാർ മറ്റന്നാൾ പോളിംഗ് ബൂത്തിലെത്തും. ഇന്നാണ് കൊട്ടിക്കലാശം നടക്കുക. സംസ്ഥാനത്തെ 3.6 കോടി വോട്ടർമാരാണ് മറ്റന്നാൾ പോളിംഗ് ബൂത്തിലെത്തുന്നത്.