Select Location
All Locations
State
Region
City / District
‘ട്രംപ് വീണ്ടും തെറ്റിദ്ധരിക്കപ്പെട്ടു’; എട്ടുസ്ത്രീകൾക്ക് വധശിക്ഷയെന്ന വാദം നിഷേധിച്ച് ഇറാൻ

‘ട്രംപ് വീണ്ടും തെറ്റിദ്ധരിക്കപ്പെട്ടു’; എട്ടുസ്ത്രീകൾക്ക് വധശിക്ഷയെന്ന വാദം നിഷേധിച്ച് ഇറാൻ

ടെഹ്‌റാൻ: പ്രതിഷേധങ്ങൾക്കിടെ അറസ്റ്റിലായ എട്ട് സ്ത്രീകളെ വധശിക്ഷയ്ക്ക് വിധേയരാക്കുമെന്ന വാദം നിഷേധിച്ച് ഇറാൻ. ഇക്കാര്യവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചില മനുഷ്യാവകാശ പ്രവർത്തകരും ഉൾപ്പെടെ ഉന്നയിച്ച വാദങ്ങൾ തെറ്റാണെന്ന് ഇറാൻ ജുഡീഷ്യറി ഔദ്യോഗികമായി അറിയിച്ചു. വ്യാജ വാർത്തകളാൽ ട്രംപ് ഒരിക്കൽ കൂടി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നും ഇറാൻ വ്യക്തമാക്കി.

വധശിക്ഷ കാത്തിരിക്കുന്നവരെന്ന് പറഞ്ഞ സ്ത്രീകളിൽ ചിലരെ ഇതിനോടകംതന്നെ വിട്ടയച്ചിട്ടുണ്ട്. ബാക്കിയുള്ളവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ പരാമവധി തടവുശിക്ഷയാകും ലഭിക്കുകയെന്നും ഇറാൻ ജുഡീഷ്യറി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു. മനുഷ്യാവകാശ പ്രവർത്തകർ ഉന്നയിച്ച ആരോപണമാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നേരത്തേ ആവർത്തിച്ചിരുന്നത്. ഇറാനിലെ എട്ട് സ്ത്രീകൾ വധശിക്ഷ കാത്ത് കഴിയുകയാണെന്നായിരുന്നു മനുഷ്യാവകാശ പ്രവർത്തകന്റെ അവകാശവാദം. ഇവരുടെ ചിത്രങ്ങളെന്ന് പറഞ്ഞ് എട്ട് സ്ത്രീകളുടെ ചിത്രങ്ങളും ഇയാൾ പോസ്റ്റ്‌ചെയ്തിരുന്നു.

ഇതേ പോസ്റ്റാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ആവർത്തിച്ചത്. ഈ സ്ത്രീകളെ വിട്ടയക്കണമെന്നും ഇത് ചർച്ചകളിൽ ഇറാന് അനുകൂലഘടകമാകുമെന്നും ട്രംപ് പറഞ്ഞിരുന്നു. അതേസമയം, സ്ത്രീകൾ വധശിക്ഷാ ഭീഷണി നേരിടുന്നുണ്ടെന്ന വാദം ഇറാൻ നിഷേധിച്ചെങ്കിലും ഇത് ശരിയല്ലെന്നാണ് യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത്. നേരത്തെ പങ്കുവെച്ച ചിത്രത്തിലുള്ള സ്ത്രീകളുടെ പേരുകളും ഇവർ പുറത്തുവിട്ടിരുന്നു. ഇതിൽ 'ബിത്ത ഹെമ്മാത്തി' എന്ന സ്ത്രീയെ ഭർത്താവ് ഉൾപ്പെടെയുള്ള മൂന്ന് പുരുഷന്മാർക്കൊപ്പം വധശിക്ഷയ്ക്ക് വിധിച്ചെന്നാണ് ഇവരുടെ അവകാശവാദം.

ജനുവരിയിൽ നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി അറസ്റ്റിലായവരാണ് ഇവരെല്ലാം. സുരക്ഷാസേനയ്ക്ക് നേരേ കല്ലെറിഞ്ഞു എന്നതായിരുന്നു ബിത്ത ഹെമ്മാത്തിക്കെതിരേ ചുമത്തിയ കുറ്റം. ചിത്രത്തിലുള്ള മറ്റൊരു സ്ത്രീ മഹബൂബ ഷബാനി(32) ആണെന്നും മനുഷ്യാവകാശ സംഘടനകൾ അവകാശപ്പെട്ടു. ദൈവത്തിനെതിരേ യുദ്ധംചെയ്‌തെന്ന കുറ്റമാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. പ്രക്ഷോഭങ്ങൾക്കിടെ പരിക്കേറ്റവരെ ഇരുചക്രവാഹനത്തിൽ കൊണ്ടുപോയി എന്നതിനാണ് ഈ കുറ്റം ചുമത്തിയതെന്നും നിലവിൽ ഇവർ ജയിലിലാണെന്നും ഇവരെ വധശിക്ഷയ്ക്ക് വിധേയയാക്കാൻ സാധ്യതയുണ്ടെന്നും മനുഷ്യാവകാശ സംഘടനകൾ പറയുന്നു.


Mathrubhumi News 1 hour ago
Home Flash News