മതിയായ തീവണ്ടിയില്ല; തിരൂര്‍-കോഴിക്കോട് യാത്രക്കാര്‍ ദുരിതത്തില്‍
മലബാര്‍ മേഖലയില്‍ ഏറ്റവുമധികം യാത്രക്കാരുള്ള പാതകളിലൊന്നായ തിരൂര്‍-കോഴിക്കോട് റൂട്ടില്‍ ആവശ്യത്തിനു തീവണ്ടിയില്ലെന്ന് പരാതി. തിരൂരില്‍നിന്ന് കോഴിക്കോടേക്കുള്ള യാത്രക്കാരാണ് യാത്രാപ്രതിസന്ധി നേരിടുന്നത്.
വൈകിട്ട് 5.20ന് തിരൂരില്‍ എത്തുന്ന കണ്ണൂര്‍ എക്‌സ്പ്രസിനുശേഷം പിന്നീട് രാത്രി ഒമ്പതിനുള്ള എക്‌സിക്യുട്ടീവ് എക്‌സ്പ്രസാണ് കോഴിക്കോട് ഭാഗത്തേക്കുള്ള അടുത്ത തീവണ്ടി. അതുവരെ റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കേണ്ട അവസ്ഥയാണ് യാത്രക്കാര്‍ക്ക്.
കാത്തിരിപ്പിനൊടുവില്‍ രാത്രി ഒമ്പതിനെത്തുന്ന എക്‌സിക്യുട്ടീവില്‍ കയറിയാലും പലപ്പോഴും കൃത്യസമയത്ത് എത്താന്‍ സാധിക്കാറില്ലെന്ന് യാത്രക്കാര്‍ പറയുന്നു. മറ്റു തീവണ്ടികള്‍ കടന്നുപോകാനായി പല സ്റ്റേഷനുകളിലും എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് പിടിച്ചിടും. വന്ദേഭാരത് എക്‌സ്പ്രസിനായി ഷൊര്‍ണൂര്‍, പട്ടാമ്പി, തിരൂര്‍ എന്നിവിടങ്ങളില്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് പിടിച്ചിടാറുണ്ട്. കൂടാതെ ജനശതാബ്ദി എക്‌സ്പ്രസിനു വേണ്ടിയും മറ്റു സ്റ്റേഷനുകളില്‍ നിര്‍ത്തിയിടും. അതിനാല്‍, ഏറെ വൈകിയാണ് എക്‌സിക്യുട്ടീവ് എക്‌സ്പ്രസിലെ യാത്രക്കാര്‍ക്ക് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരാന്‍ സാധിക്കാറുള്ളത്. മുമ്പ് തിരൂര്‍-കോഴിക്കോട് പാതയില്‍ സര്‍വീസ് നടത്തിയിരുന്ന ഷൊര്‍ണൂര്‍-കോഴിക്കോട്, തൃശൂര്‍-കോഴിക്കോട് എന്നീ പാസഞ്ചറുകള്‍ നിര്‍ത്തിയതോടെയാണ് യാത്രാദുരിതം ആരംഭിച്ചത്. താല്‍കാലികമായി നിര്‍ത്തിയ ഈ സര്‍വീസുകള്‍ ഇതുവരെ പുനരാരംഭിക്കാത്തതോടെ യാത്രാദുരിതം രൂക്ഷമാകുകയായിരുന്നു.
വൈകിട്ട് 4.25ന് മംഗള-ലക്ഷദ്വീപ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, 5.15ന് നേത്രാവതി എക്‌സ്പ്രസ് എന്നീ തീവണ്ടികള്‍ക്ക് തിരൂരില്‍ സ്റ്റോപ്പുണ്ടെങ്കിലും വന്‍തിരക്ക് കാരണം ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കാലുകുത്താന്‍ സ്ഥലമുണ്ടാകാറില്ല. പ്രതിസന്ധി മറികടക്കാന്‍ വൈകിട്ട് കൂടുതല്‍ തീവണ്ടികള്‍ അനുവദിക്കണണെന്ന് യാത്രക്കാരുടെ സംഘടനയായ മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ടും പരിഹാരം അനന്തമായി നീണ്ടുപോകുകയാണ്.