ഇറാന്‍ യുദ്ധം; അമേരിക്കയ്ക്ക് നഷ്ടം 3.29 ലക്ഷം കോടി, ഇറാന്റെ ‘ബില്യണ്‍ ഡോളര്‍’ പ്രതികാരം
ഇസ്രായേലിനൊപ്പം ചേര്‍ന്ന് ഇറാന്റെ മേല്‍ നടത്തിയ സൈനിക കടന്നുകയറ്റം ഇപ്പോള്‍ അമേരിക്കയ്ക്ക് തലവേദനയായി മാറിയിരിക്കുകയാണ്. പോരാട്ടം ഒരുമാസം പിന്നിട്ടിരിക്കെ കോടിക്കണക്കിനു ഡോളറാണ് യു.എസ് സര്‍ക്കാരിനു ചെലവഴിക്കേണ്ടി വന്നത്. എന്നാല്‍, ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ നേടാനും ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിനു സാധിച്ചില്ല. ഇതോടെ ലോകത്തിനു മുമ്പില്‍ നാണംകെട്ട അവസ്ഥയിലാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊട്ടിഘോഷിക്കപ്പെട്ട ഒട്ടേറെ മിസൈലുകള്‍ അമേരിക്ക ഇറാനു നേരെ പ്രയോഗിച്ചെങ്കിലും ഭൂരിഭാഗവും ഇറാന്റെ വ്യോമപ്രതിരോധസംവിധാനങ്ങള്‍ തകര്‍ത്തു. ഒാപ്പറേഷന്‍ എപ്പിക് ഫ്യൂറി എന്ന സൈനിക നടപടിക്കായി ഏകദേശം 3500 കോടി ഡോളറാണ് (3.29 ലക്ഷം കോടിയോളം രൂപ) യുദ്ധത്തിനായി അമേരിക്ക ചെലവഴിച്ചത്
പ്രതിരോധിക്കാന്‍ സാധിക്കില്ലെന്ന അവകാശവാദവുമായി ദശലക്ഷക്കണക്കിനു ഡോളര്‍ വിലവരുന്ന ആയിരക്കണക്കിനു മിസൈലുകളാണ് യു.എസ് സേന ഇറാനുനേരെ തൊടുത്തുവിട്ടത്. ഇവയുടെ കണക്കുകള്‍ അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടിരുന്നു. 1000 കിലോമീറ്ററോളം അകലെയുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ഒരു യൂണിറ്റിനു 11 ലക്ഷം ഡോളര്‍ വിലയുള്ള 1100 സ്റ്റെല്‍ത്ത് ക്രൂയിസ് മിസൈലുകളാണ് യു.എസ് സൈന്യം പ്രയോഗിച്ചത്. ഒരു യൂണിറ്റിനു 36 ലക്ഷം ഡോളര്‍ വിലവരുന്ന ടോമോഹോക്ക് മിസൈലുകളും യു.എസ് പ്രയോഗിച്ചിരുന്നു. ഇത്തരം 1,000ത്തിലധികം മിസൈലുകള്‍ തൊടുത്തുവിട്ടു. കൂടാതെ നാലുലക്ഷം ഡോളര്‍ വിലവരുന്ന 1200 പാട്രിയറ്റ് ഇന്റര്‍സെപ്റ്റര്‍ മിസൈലുകളും ഇറാനെ ആക്രമിക്കാന്‍ അമേരിക്കയ്ക്ക് ചെലവായി.അനാവശ്യമായ യുദ്ധത്തിനായി പെന്റഗണ്‍ കോടിക്കണക്കിനു ഡോളര്‍ പൊടിച്ചതോടെ പ്രതിസന്ധി നേരിടാന്‍ പോകുന്നത് അമേരിക്കയിലെ സാധാരണക്കാരായ നികുതിദായകരാണ്. യുദ്ധച്ചെലവുകള്‍ നികത്താനായി ട്രംപ് സര്‍ക്കാര്‍ നികുതിനിരക്ക് ഉയര്‍ത്തിയാല്‍ അമേരിക്കന്‍ ജനതയ്ക്ക് തലവേദനയാകും. അമേരിക്കയില്‍ ജീവിക്കുന്ന ഇന്ത്യക്കാരെയും ഇതു ബാധിക്കും.
അതേസമയം, ഇറാനെതിരായ യുദ്ധത്തിന്റെ ചെലവ് സംബന്ധിച്ച് പുറത്തുവരുന്ന കണക്കുകള്‍ വ്യാജമാണെന്നാണ് യു.എസിന്റെ അവകാശവാദം. എന്നാല്‍, കണക്ക് സംബന്ധിച്ച് ഔദ്യോഗിക കണക്കുകള്‍ പുറത്തുവിടാന്‍ പെന്റഗണ്‍ തയ്യാറാകുന്നുമില്ല.