Select Location
All Locations
State
Region
City / District
പോഷകാഹാരമില്ലാത്ത ദശലക്ഷങ്ങളുടെ വിശപ്പകറ്റാൻ... യുഎഇയിൽ ലോകത്തെ ഏറ്റവും വലിയ ഡേറ്റ്സ് ഫാക്ടറി വരുന്നു

പോഷകാഹാരമില്ലാത്ത ദശലക്ഷങ്ങളുടെ വിശപ്പകറ്റാൻ... യുഎഇയിൽ ലോകത്തെ ഏറ്റവും വലിയ ഡേറ്റ്സ് ഫാക്ടറി വരുന്നു

ആഗോള തലത്തിൽ പട്ടിണി ഇല്ലാതാക്കാനായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ഈത്തപ്പഴ ഉത്​പന്ന നിർമാണ ഫാക്ടറി യുഎഇയിൽ വരുന്നു. ലോകമെമ്പാടും പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികൾക്കും ഭക്ഷ്യ ദൗർലഭ്യം നേരിടുന്ന ദരിദ്ര വിഭാഗങ്ങൾക്കും പിന്തുണയേകാൻ ലക്ഷ്യമിട്ടാണ്​ 'വൺ ബില്യൺ മീൽസ് ഡേറ്റ്സ് ഫാക്ടറി’ നിർമിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്‌ ബിൻ റാശിദ് ആൽ മക്തൂം ആണ്​ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പ്രധാന പങ്കാളികളുമായി സഹകരിച്ച​ മുഹമ്മദ്‌ ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ്സ് ആണ്​ ഫാക്ടറി നിർമിക്കുക.

ഈത്തപ്പഴം കൊണ്ട് ഉണ്ടാക്കാൻ കഴിയുന്ന 15 കോടി ഭക്ഷ്യ ഉത്പന്നങ്ങൾ പ്രതിവർഷം ഉത്പാദിപ്പിക്കാനാണ് വിശപ്പിനെതിരായ പുതിയ ചാരിറ്റി സംരംഭം ലക്ഷ്യമിടുന്നത്. അറബ് ജീവിതത്തിന്റ പ്രധാന ഘടകമായ ഈത്തപ്പഴത്തെ ലോകത്തിന് അർഥവത്തായ സംഭാവന നൽകുന്ന പോഷാകാഹാര ഉത്പന്നങ്ങളാക്കി മാറ്റാനാണ് സംരംഭം ലക്ഷ്യമിടുന്നതെന്ന് ശൈഖ് മുഹമ്മദ് എക്സിൽ കുറിച്ചു.

'ഗൾഫ് മേഖലയ്ക്ക് ലഭിച്ച അനുഗ്രഹമാണ് ഈത്തപ്പഴം. യുഎഇയിലും മറ്റു പ്രദേശങ്ങളിലും ജീവിതത്തിന്‍റെ പ്രധാന ഭക്ഷ്യ ഘടകമായ ഈത്തപ്പഴത്തെ ലോകത്തിന്റെ പട്ടിണി മാറ്റാനുള്ള ഭക്ഷ്യോൽപന്നമായി മാറ്റിയെടുക്കുകയാണ്​ ലക്ഷ്യം’- ശൈഖ്​ മുഹമ്മദ്​ വ്യക്തമാക്കി.


One India Malayalam 18 hours ago
Home Flash News