തമിഴ്നാട്ടിൽ സ്റ്റാലിൻ തുടരും; ഡിഎംകെയ്ക്ക് ഭരണത്തുടർച്ച പ്രവചിച്ച് പീപ്പിൾസ് പൾസ് സർവ്വെ
തമിഴ്നാട്ടിൽ ഡി എം കെ മുന്നണി തുടർച്ചയായി രണ്ടാം തവണയും അധികാരത്തിലെത്തുമെന്ന് പീപ്പിൾസ് പൾസ് എക്സിറ്റ് പോൾ പ്രവചനം. 125-145 സീറ്റുകളാണ് പ്രവചനം. എ ഐ എ ഡി എം കെ 65-80 സീറ്റുകളിൽ ഒതുങ്ങുമെന്നും സർവ്വെ പറയുന്നു. അതേസമയം കന്നിയങ്കത്തിന് ഇറങ്ങുന്ന വിജയിയുടെ ടി വി കെ മിന്നുന്ന പ്രകടനം കാഴ്ചവെയ്ക്കുമെന്നും സർവ്വെ പ്രവചിക്കുന്നുണ്ട്. 18-24 വരെ സീറ്റുകളാണ് സാധ്യത കൽപ്പിക്കുന്നത്. മറ്റ് പാർട്ടികൾക്കും സ്വതന്ത്രർക്കുമായി 2-6 സീറ്റുകളാണ് പ്രവചിക്കുന്നത്.
വോട്ട് വിഹിതത്തിൽ ഡി എം കെ സഖ്യത്തിന് 38.4%, എ ഐ എ ഡി എം കെയ്ക്ക് 31.5%, ടി വി കെക്ക് 23.6% എന്നിങ്ങനെയാണ് പ്രവചനം. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി എം കെ സഖ്യത്തിന് ജനസംഖ്യാപരമായും യുവജനങ്ങൾക്ക് ഇടയിലും പിന്തുണയുണ്ടെന്ന് പീപ്പിൾസ് പൾസ് സർവേ പറയുന്നു. സ്ത്രീ വോട്ടർമാരിൽ 37.8% പിന്തുണയും, പുരുഷ വോട്ടർമാരിൽ 39.5% പിന്തുണയും പാർട്ടിക്കുണ്ട്. യുവാക്കൾ ഇത്തവണ ടി വി കെയ്ക്കൊപ്പം നിൽക്കുമെന്നായിരുന്നു പ്രവചനങ്ങൾ. എന്നാൽ 18-24 പ്രായക്കാർക്കിടയിൽ ഡി എം കെയ്ക്ക് 34.9% പിന്തുണയുണ്ട്. ടി വി കെക്ക് ഈ വിഭാഗത്തിൽ 32.3% ശതമാനത്തിൻ്റെ പിന്തുണയുണ്ടാകുമെന്നും സർവ്വെ പറയുന്നു.
അതേസമയം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം തന്നെ ഡി എം കെ സഖ്യത്തിന് അധികാരത്തുടർച്ച പ്രവചിക്കുന്നുണ്ട്. 145 വരെ സീറ്റുകളാണ് സർവ്വെകൾ പ്രവചിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തവണ മികച്ച പോളിംഗ് ആയിരുന്നു സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 84 ശതമാനമായിരുന്നു പോളിംഗ്. 2021-ലെ തിരഞ്ഞെടുപ്പിനെക്കാൾ 11% വർദ്ധനവാണിത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കൂറ്റൻ ഭൂരിപക്ഷം നേടിയാണ് ഡി എം കെ സഖ്യം തമിഴ്നാട്ടിൽ അധികാരം പിടിച്ചത്. ഒറ്റയ്ക്ക് 133 സീറ്റുകളാണ് പാർട്ടി നേടിയത്. സഖ്യകക്ഷിയായ കോൺഗ്രസ് 18 സീറ്റുകളും നേടി. മറുവശത്ത് എ ഐ എ ഡി എം കെ 66 സീറ്റുകളാണ് നേടിയത്. വിജയിയുടെ കടന്നുവരവ് സംസ്ഥാന രാഷ്ട്രീയത്തിൽ എന്തുമാറ്റമാണ് ഉണ്ടാക്കുകയെന്നാണ് പ്രധാനമായും ഉറ്റുനോക്കുന്നത്. ഡി എം കെ വോട്ടുകളിൽ വിജയ് വലിയ വിള്ളൽ വീഴ്ത്തുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.