വികസനകുതിപ്പിൽ യു പി; 594 കിലോമീറ്റർ ദൈർഘ്യമുള്ള ഗംഗാ എക്സ്പ്രസ് വേ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ലക്നൗ: ഉത്തർപ്രദേശിന്റെ മുഖച്ഛായ മാറ്റുന്ന സുപ്രധാനമായ ഗംഗാ എക്‌സ്‌പ്രസ്‌വേ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. മീററ്റിനെ പ്രയാഗ്‌രാജുമായി ബന്ധിപ്പിക്കുന്ന 594 കിലോമീറ്റർ നീളമുള്ള ഈ ബൃഹത്തായ പാത ഹർദോയിയിൽ വെച്ചാണ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തെ 12 പ്രധാന ജില്ലകളിലൂടെ കടന്നുപോകുന്ന ഈ അതിവേഗ പാത യാത്രാസമയത്തിൽ വൻ കുറവ് വരുത്തുകയും ചരക്ക് നീക്കം എളുപ്പമാക്കുകയും ചെയ്യും. മീററ്റ്, ഹാപൂർ, ബുലന്ദ്ഷഹർ, അംരോഹ, സംഭാൽ, ബദൗൺ, ഷാജഹാൻപൂർ, ഹർദോയ്, ഉന്നാവോ, റായ്ബറേലി, പ്രതാപ്ഗഡ്, പ്രയാഗ്‌രാജ് എന്നിവയാണ് ഇതിലൂടെ ബന്ധിപ്പിക്കപ്പെടുന്ന ജില്ലകൾ. അത്യാധുനികമായ ഒട്ടേറെ പ്രത്യേകതകളുമായാണ് ഈ പദ്ധതി പൂർത്തിയാക്കിയിരിക്കുന്നത്. നിലവിൽ ആറ് വരികളുള്ള ഈ പാത ഭാവിയിൽ എട്ട് വരിയായി ഉയർത്താൻ സാധിക്കും. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ സുഗമമായി സഞ്ചരിക്കാവുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന. സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ചയില്ലാത്ത ക്രമീകരണങ്ങൾ ഇവിടെയുണ്ട്. ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം, സിസിടിവി ക്യാമറകൾ, അടിയന്തര സാഹചര്യങ്ങൾക്കായി കോൾ ബോക്സുകൾ, ആംബുലൻസുകൾ, പ്രത്യേക പട്രോളിംഗ് യൂണിറ്റുകൾ എന്നിവ പാതയിലുടനീളം പ്രവർത്തിക്കും. വ്യോമസേനാ വിമാനങ്ങൾക്ക് അടിയന്തര സാഹചര്യങ്ങളിൽ ലാൻഡ് ചെയ്യുന്നതിനായി ഷാജഹാൻപൂരിൽ 3.2 കിലോമീറ്റർ ദൈർഘ്യമുള്ള എയർസ്ട്രിപ്പും സജ്ജീകരിച്ചിട്ടുണ്ട്.
ഗംഗാ എക്‌സ്‌പ്രസ്‌വേ സംസ്ഥാനത്തിന്റെ വികസനത്തിലെ പുതിയ ജീവരേഖയാണെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. വ്യവസായം, കൃഷി, യുവാക്കളുടെ തൊഴിൽ മേഖല എന്നിവയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ ഈ പദ്ധതി സഹായിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വ്യക്തമാക്കി. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ നിർമ്മിക്കപ്പെട്ട ഈ പാത ഇന്ത്യയിലെ തന്നെ ഏറ്റവും നീളമേറിയ എക്സ്പ്രസ് വേകളിൽ ഒന്നാണ്. പ്രാദേശിക വികസനത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും ഉത്തർപ്രദേശിന് പുതിയൊരു നാഴികക്കല്ലാവുകയാണ് ഗംഗാ എക്‌സ്‌പ്രസ്‌വേ.