Select Location
All Locations
State
Region
City / District
28 സിറ്റിങ് എംഎല്‍എമാര്‍ പരാജയഭീതിയില്‍; സിപിഎം കണക്കുകൂട്ടല്‍ പാളിയോ?

28 സിറ്റിങ് എംഎല്‍എമാര്‍ പരാജയഭീതിയില്‍; സിപിഎം കണക്കുകൂട്ടല്‍ പാളിയോ?

ഫലപ്രഖ്യാപത്തിന് രണ്ട് ദിവസം മാത്രം ബാക്കിയിരിക്കെ സിപിഎമ്മിന്‍റെ 28 സിറ്റിങ് എം.എല്‍.എമാര്‍ പരാജയഭീതിയില്‍. മന്ത്രിമാരായ എം.ബി രാജേഷ് , ആര്‍ ബിന്ദു , വി.എന്‍.വാസവന്‍ മണ്ഡലം മാറി മല്‍സരിച്ച സിപിഎം സ്വതന്ത്രന്‍ വി.അബ്ദുറഹിമാന്‍ ഉള്‍പ്പടെ പരാജയഭീതിയിലാണ്. യുഡിഎഫ് തരംഗം ഉണ്ടായാല്‍ സിപിഎമ്മിന്‍റെ എം.എല്‍എ മാരുടെ എണ്ണം 2001ലെ 23 എന്ന നമ്പറില്‍ നിന്നും താഴെ പോകുമോ എന്ന ആശങ്കയും സിപിഎമ്മിനുണ്ട്.

രണ്ടു പതിറ്റാണ്ടിനിടെ സിപിഎമ്മിന് ഏറ്റവും കുറവ് എംഎല്‍എമാരെ ലഭിച്ചത് 2001ലാണ്. 23 പേര്‍. 2006ല്‍ 61 സിപിഎം എം.എല്‍.എമാരുണ്ടായിരുന്നു. പിന്നീട് 2011ല്‍ യുഡിഎഫ് ഭരണം പിടിച്ചപ്പോഴും 38 എംഎല്‍എമാരുള്ള കോണ്‍ഗ്രസിനേക്കാള്‍ മുകളിലായിരുന്നു 45 എന്ന സിപിഎമ്മിന്‍റെ അംഗബലം. 2021 ല്‍ സിപിഎമ്മിന് 62 എം.എല്‍.എമാരെ ലഭിച്ചു. എന്നാല്‍ മൂന്നാം തവണ തുടര്‍ഭരണം ലക്ഷ്യമിട്ട് 56 സിറ്റിങ് എം.എല്‍.എ മാരെ മല്‍സരിപ്പിച്ച കണക്കുകൂട്ടല്‍ പാളിയോ എന്ന സംശയമാണ് സിപിഎം കേന്ദ്രങ്ങള്‍ക്കുള്ളത്.

സിപിഎമ്മിന് പ്രതീക്ഷയുണ്ടായിരുന്ന തിരുവനന്തപുരത്ത് 5 സിറ്റിങ് എംഎല്‍എ മാര്‍ പരാജയഭീതിയിലാണ്. നെയ്യാറ്റിന്‍കര കെ.ആന്‍സലന്‍, കാട്ടാക്കട ഐബി സതീഷ്, അരുവിക്കര ജി.സ്റ്റീഫന്‍, നേമത്ത് വി.ശിവന്‍കുട്ടി, വര്‍ക്കലയില്‍ വി.ജോയി എന്നിവര്‍ക്കാണ് തോല്‍വി സാധ്യതയുള്ളത്. ചവറയില്‍ സിപിഎം സ്വതന്ത്രന്‍ സുജിത്ത് വിജയന്‍പിള്ളയും പരാജയം മണക്കുന്നുണ്ട്. ആറ‍ന്‍മുളയില്‍ വീണ ജോര്‍ജും പരാജയപ്പെടാന്‍ സാധ്യതയുള്ള സിറ്റിങ് എം എല്‍ എമാരുടെ പട്ടികയിലാണ്. ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം മാത്രമാണ് പരാജയഭീതി നേരിടുന്നത്.

 ഏറ്റുമാനൂരില്‍ വി.എന്‍.വാസവന്‍ , കളമശ്ശേരിയില്‍ പി.രാജീവ് , തൃപ്പൂണിത്തുറയില്‍ കെ.എന്‍.ഉണ്ണികൃഷ്ണന്‍, കൊച്ചിയില്‍ കെ.ജെ.മാക്സി എന്നീ സിപിഎം സിറ്റിങ് എംഎല്‍എമാരും പരാജയപ്പെട്ടേക്കുമെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ കരുതുന്നു. ഇരിങ്ങാലക്കുടയില്‍ ആര്‍.ബിന്ദുവും പരാജഭീതിയിലാണ്. തൃത്താലയില്‍ എം.ബി.രാജേഷും , കോങ്ങാട് കെ.ശാന്തകുമാരിയും വിജയിക്കുമെന്ന് സിപിഎമ്മിന് ഉറപ്പില്ല. താനൂരില്‍ നിന്ന് തിരൂരിലേക്ക് മാറി മല്‍സരിച്ച വി അബ്ദുറഹിമാന്‍, തവനൂരില്‍ മല്‍സരിക്കുന്ന കെ.ടി.ജലീല്‍ , കോഴിക്കോട് നാല് സിറ്റിങ് എം എല്‍എമാര്‍ തോല്‍ക്കുമെന്നാണ് പാര്‍ട്ടി കണക്ക് കൂട്ടല്‍. കുറ്റ്യാടിയില്‍ കെ.പി.കുഞ്ഞമ്മദ് കുട്ടി , ബാലുശേരിയില്‍ കെ എം സച്ചിന്‍ദേവ്, കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍, തിരുവമ്പാടിയില്‍ ലിന്‍റോ ജോസഫ് എന്നിവരുടെ വിജയത്തിലും പാര്‍ട്ടിക്ക് ഉറപ്പില്ല. മാനന്തവാടിയില്‍ ഒ.ആര്‍.കേളുവും പരാജയഭീതി നേരിടുന്ന എം.എല്‍.എയാണ്. കണ്ണൂര്‍ ജില്ലയില്‍ പേരാവൂരില്‍ കെ.കെ.ശൈലജ മാത്രമാണ് പരാജയപ്പെടാന്‍ സാധ്യതയുള്ള സിപിഎമ്മിന്‍റെ ഏക സിറ്റിങ് എം.എല്‍.എ എന്നത് സിപിഎമ്മിന് അല്‍പം ആശ്വാസമാണ്.


Manorama News 1 hour ago
Home Flash News