Select Location
All Locations
State
Region
City / District
യുകെയിൽ വാടക നിയമങ്ങളിൽ വിപ്ലവകരമായ മാറ്റം; ‘നോ-ഫോൾട്ട് എവിക്ഷൻ’ നിരോധിച്ചു, വാടകക്കാർക്ക് ഇനി കൂടുതൽ സുരക്ഷ

യുകെയിൽ വാടക നിയമങ്ങളിൽ വിപ്ലവകരമായ മാറ്റം; ‘നോ-ഫോൾട്ട് എവിക്ഷൻ’ നിരോധിച്ചു, വാടകക്കാർക്ക് ഇനി കൂടുതൽ സുരക്ഷ

ലണ്ടൻ ∙ ഇംഗ്ലണ്ടിലെ വാടക നിയമങ്ങളിലെ വിപ്ലവകരമായ മാറ്റങ്ങൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മാറ്റം വാടകക്കാർക്ക് കൂടുതൽ അവകാശങ്ങൾ ഉറപ്പുനൽകുന്നവയാണ്. സ്വകാര്യ ഭൂവുടമകളിൽ നിന്ന് വീട് വാടകയ്ക്കെടുക്കുന്ന 1.1 കോടി ആളുകൾക്ക് കൂടുതൽ സ്ഥിരതയും സുരക്ഷിതത്വവും നൽകാനാണ് ‘റെന്റേഴ്സ് റൈറ്റ്സ് ആക്ട്’ ലക്ഷ്യമിടുന്നത്.

പുതിയ നിയമപ്രകാരം 12 അല്ലെങ്കിൽ 24 മാസത്തെ നിശ്ചിത കാലയളവിലേക്കുള്ള കരാറുകൾ നിരോധിച്ചു. പകരം, എല്ലാ വാടക കരാറുകളും ‘പീരിയോഡിക്’ അഥവാ റോളിങ് അടിസ്ഥാനത്തിലായിരിക്കും. വാടകക്കാർക്ക് എപ്പോൾ വേണമെങ്കിലും രണ്ട് മാസത്തെ നോട്ടീസ് നൽകി വീട് ഒഴിയാം. നിലവിലുള്ള വാടകക്കാർ പുതിയ കരാറിൽ ഒപ്പിടേണ്ടതില്ല. പകരം മാറ്റങ്ങൾ സ്വയം ഇവർക്കെല്ലാം ബാധകമാകും.

കൃത്യമായ കാരണം കാണിക്കാതെ വാടകക്കാരെ ഒഴിപ്പിക്കുന്ന ‘നോ-ഫോൾട്ട് എവിക്ഷൻ’ രീതി നിർത്തലാക്കി. ഭൂവുടമയ്ക്ക് വീട് വിൽക്കാനോ സ്വന്തം ആവശ്യത്തിന് താമസിക്കാനോ ആണെങ്കിൽ നാല് മാസത്തെ നോട്ടീസ് നൽകണം, താമസം തുടങ്ങി ആദ്യ 12 മാസത്തിനുള്ളിൽ ഇതും സാധ്യമല്ല. വാടക കുടിശിക മൂന്ന് മാസമായാൽ ഭൂവുടമയ്ക്ക് ഒഴിപ്പിക്കൽ നോട്ടീസ് നൽകാം. താമസക്കാർ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ വീട് നശിപ്പിക്കുകയോ ചെയ്താൽ ഇവരെ ഒഴിപ്പിക്കാൻ ഉടൻ തന്നെ വീട്ടുടമയ്ക്ക് കോടതിയെ സമീപിക്കാം. വർഷത്തിൽ ഒരിക്കൽ മാത്രമേ വാടക വർധിപ്പിക്കാൻ ഉടമയ്ക്ക് അനുവാദമുള്ളൂ, ഇതിന് രണ്ട് മാസത്തെ നോട്ടീസ് നൽകണം. വാടകയ്ക്കായുള്ള ‘ലേലം വിളികൾ’ ഇനി മുതൽ നിയമവിരുദ്ധമാണ്.വീടിനുള്ളിൽ വളർത്തുമൃഗങ്ങളെ താമസിപ്പിക്കാനുള്ള അപേക്ഷകൾ ഭൂവുടമകൾക്ക് ന്യായമായ കാരണങ്ങളില്ലാതെ നിരസിക്കാൻ കഴിയില്ല. കുട്ടികളുള്ളവർക്കും ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർക്കും വീട് നിഷേധിക്കുന്നത് പുതിയ നിയമപ്രകാരം ശിക്ഷാർഹമാണ്.

പുതിയ നിയമങ്ങൾ ലംഘിക്കുന്ന ഭൂവുടമകൾക്ക് 40,000 പൗണ്ട് വരെ പിഴ ചുമത്താൻ പ്രാദേശിക കൗൺസിലുകൾക്ക് അധികാരമുണ്ടാകും. കൂടാതെ വാടകസംബംന്ധിച്ച പരാതികൾ തീർപ്പാക്കാൻ പുതിയ ഓംബുഡ്സ്മാൻ സംവിധാനവും ഉടൻ നിലവിൽ വരും.


Manorama News 1 hour ago
Home Flash News