Select Location
All Locations
State
Region
City / District
മറക്കില്ല ഇന്ത്യ ഈ മുറിവ്; ഓപ്പറേഷൻ സിന്ദൂറിന്റെ സ്മരണയിൽ രാജ്യം

മറക്കില്ല ഇന്ത്യ ഈ മുറിവ്; ഓപ്പറേഷൻ സിന്ദൂറിന്റെ സ്മരണയിൽ രാജ്യം

പഹൽഗാം ഭീകര ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയ ഓപ്പറേഷൻ സിന്ദൂറിന് ഇന്നേക്ക് ഒരു വർഷം. പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർക്കായിരുന്നു ജീവൻ നഷ്ടമായത്. ഇതിന് മറുപടിയായിരുന്നു ഇന്ത്യ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരക്യാമ്പുകൾ ലക്ഷ്യമിട്ട് വ്യോമ ആക്രമണങ്ങൾ നടത്തിയത്. ഏപ്രിൽ 22നായിരുന്നു ഇന്ത്യയെ നടുക്കിയ പഹൽഗാം ഭീകരാക്രമണം ഉണ്ടാകുന്നത്. മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ബെയ്‌സറൺ താഴ്വരയിൽ ഭീകരരുടെ ആക്രമണത്തിൽ 26 പേരുടെ ജീവനാണ് പൊലിഞ്ഞത്. സുരക്ഷ വീഴ്ചയിൽ മോദിസർക്കാരിനെതിരെ വലിയ വിമർശനം ഉയർന്നു. പിന്നാലെയായിരുന്നു ഓപ്പറേഷൻ സിന്ദൂരിലൂടെ തിരിച്ചടി. അതിർത്തി കടന്നു നടത്തിയ ഓപ്പറേഷനിലൂടെ പാക്‌ അധീന കശ്‌മീരിലെയും പാകിസ്ഥാനിലെയും ഒമ്പത്‌ ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർക്കുകയായിരുന്നു.

തീവ്രവാദിയായ മസൂദ്‌ അസറിന്റെ അടുത്ത ബന്ധുക്കളടക്കം എഴുപതിലേറെ ഭീകരരാണ് ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടത്. കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വ്യോമിക സിങ് എന്നീ വനിത സൈനികർ ഓപ്പറേഷൻ സിന്ദൂർ വിശദീകരിച്ചു. എന്നാൽ അവർക്കെതിരെ വലിയ വിദ്വേഷ ആക്രമണമാണ് ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായത്. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യ പാക് സംഘർഷം രൂക്ഷമായി. ഇന്ത്യ പാക്കിസ്ഥാനുമായുള്ള സിന്ധു നദിജല കരാർ റദ്ദാക്കി. പാകിസ്ഥാൻ ഡ്രോണുകൾ ഉപയോഗിച്ചു ഇന്ത്യൻ ബേസുകൾ തകർക്കാൻ ശ്രമിച്ചപ്പോൾ ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു. തുടർച്ചയായ മൂന്ന് ദിവസമാണ് ഇന്ത്യ പാക്ക് അതിർത്തി സംഘർഷഭരിതമായത്. കര, നാവിക, വ്യോമ സേനകൾ ഒന്നിച്ചുള്ള നീക്കങ്ങൾ. രാജ്യത്തെ അതിർത്തി സംസ്ഥാനങ്ങളിൽ കംപ്ലീറ്റ് ബ്ലാക്കൗട്ടിലേക്ക് നീങ്ങി. യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന പ്രതീതിക്ക് ഒടുവിൽ മെയ് 10ന് വൈകിട്ടോടെ ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ ധാരണയിലേക്കെത്തുകയായിരുന്നു. പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം ഒഴിവാക്കി എന്ന അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രഖ്യാപനം വലിയ വിമർശനങ്ങൾക്ക് കാരണമായി. രാജ്യത്തിന്റെ ആഭ്യന്തര തീരുമാനങ്ങളിലുള്ള ട്രംപിൻ്റെ ഇടപെടലുകളിൽ പ്രധാനമന്ത്രി ഇതുവരെ മറുപടി പറയാൻ തയ്യാറായിട്ടില്ല. എന്നാൽ പഹൽഗാം ആക്രമണത്തിന് ശേഷവും രാജ്യതലസ്ഥാനത്ത് വീണ്ടും ഭീകരാക്രമണം ഉണ്ടായി. കേന്ദ്രത്തിന്റെ സുരക്ഷ വീഴ്ചകൾ വീണ്ടും ചർച്ചയാകുമ്പോഴാണ് ഓപ്പറേഷൻ സിന്ദൂറിന് ഒരു വയസ് കൂടി തികയുന്നത്.


Kairali News 1 hour ago
Home Flash News