Select Location
All Locations
State
Region
City / District
‘ഓപ്പറേഷൻ സ്പൈഡർവെബ്’ ആക്രമണ ഭീതി, സൈനിക അട്ടിമറി സാധ്യത; പുതിൻ കഴിയുന്നത് ബങ്കറിലെന്ന് റിപ്പോർട്ട്

‘ഓപ്പറേഷൻ സ്പൈഡർവെബ്’ ആക്രമണ ഭീതി, സൈനിക അട്ടിമറി സാധ്യത; പുതിൻ കഴിയുന്നത് ബങ്കറിലെന്ന് റിപ്പോർട്ട്

മോസ്കോ: വധഭീഷണിയെത്തുടർന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിൻ ഭൂഗർഭ ബങ്കറിൽ അഭയംപ്രാപിച്ചതായി റിപ്പോർട്ട്. യുക്രൈനുമായുള്ള യുദ്ധം ശക്തമാകുന്ന സാഹചര്യത്തിൽ, സൈനിക അട്ടിമറിയും ഡ്രോൺ ആക്രമണങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് പുതിന്റെ നീക്കമെന്നാണ് അഭ്യൂഹങ്ങൾ. നിലവിൽ മോസ്കോയിലെ ഔദ്യോഗിക ഭരണകാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കുന്ന അദ്ദേഹം, രഹസ്യ ബങ്കറിലിരുന്നാണ് യുദ്ധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന്ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. 2025- ജൂണിൽ യുക്രൈൻ നടത്തിയ ‘ഓപ്പറേഷൻ സ്പൈഡർവെബ്’ എന്ന ഡ്രോൺ ആക്രമണം റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ക്രെംലിന്റെ സുരക്ഷയിൽ ആശങ്ക വർധിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് പുതിൻ ഇപ്പോൾ തന്റെ സ്ഥിരം വസതികളിൽ താമസിക്കാറില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

രാജ്യം സാധാരണ നിലയിലാണെന്ന് ലോകത്തെയും ജനങ്ങളെയും ബോധിപ്പിക്കാനായി പുതിന്റെ നേരത്തെ റെക്കോർഡ് ചെയ്ത ദൃശ്യങ്ങളാണ് ഔദ്യോഗിക മാധ്യമങ്ങൾ ഇപ്പോൾ പുറത്തുവിടുന്നത്. പ്രസിഡന്റുമായി അടുത്ത് പ്രവർത്തിക്കുന്ന പാചകക്കാർ, ബോഡിഗാർഡുകൾ, ഫോട്ടോഗ്രാഫർമാർ എന്നിവർക്ക് കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇവർക്ക് മൊബൈൽ ഫോണുകളോ ഇന്റർനെറ്റോ ഉപയോഗിക്കാൻ അനുവാദമില്ല. കൂടാതെ, ഇവരുടെ വീടുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും പൊതുഗതാഗതം ഉപയോഗിക്കുന്നത് വിലക്കുകയും ചെയ്തിട്ടുണ്ട്.

മോസ്കോയിൽ അടുത്തിടെ ഉണ്ടായ ഇന്റർനെറ്റ് വിച്ഛേദിക്കൽ പോലും ഡ്രോൺ ആക്രമണങ്ങളെ തടയാനുള്ള സുരക്ഷാ പദ്ധതിയുടെ ഭാഗമാണെന്നാണ് കരുതപ്പെടുന്നത്. എന്നാൽ, രാജ്യത്തെ വിവിധ സുരക്ഷാ ഏജൻസികൾക്കിടയിൽ ഏകോപനമില്ലായ്മയെച്ചൊല്ലി തർക്കങ്ങൾ നിലനിൽക്കുന്നതായും സൂചനയുണ്ട്.

രാജ്യത്ത് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളും പൊതുവേദികളിലെത്താതെ പ്രസിഡന്റ് ഒഴിഞ്ഞുമാറുന്നതും റഷ്യൻ ജനതയ്ക്കിടയിൽ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. ജനങ്ങൾക്ക് പുതിനെ ഭയമാണെന്ന് തുറന്നുപറഞ്ഞ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വിക്ടോറിയ ബോന്യയുടെ വീഡിയോ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. പുതിന്റെ പൊതുപരിപാടികൾ കുറയുന്നത് അദ്ദേഹത്തിന്റെ ജനപ്രീതിയെ ബാധിക്കുന്നുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.


Smacy News 22 days ago
Home Flash News