Select Location
All Locations
State
Region
City / District
സ്വന്തം കപ്പൽ പിടിച്ചെടുത്ത് ഇറാൻ, അബദ്ധമോ തന്ത്രമോ? ഇന്ത്യയിൽ വിലക്കയറ്റം രൂക്ഷമാകും, പെട്രോൾ വില വർധന ഒഴിവാക്കാനാകില്ലെന്നും മുന്നറിയിപ്പ്

സ്വന്തം കപ്പൽ പിടിച്ചെടുത്ത് ഇറാൻ, അബദ്ധമോ തന്ത്രമോ? ഇന്ത്യയിൽ വിലക്കയറ്റം രൂക്ഷമാകും, പെട്രോൾ വില വർധന ഒഴിവാക്കാനാകില്ലെന്നും മുന്നറിയിപ്പ്

സമാധാന ചർച്ചകൾക്കിടെ ഹോർമുസിൽ രണ്ട് ഇറാൻ ടാങ്കറുകളെ ആക്രമിച്ചെന്ന് യുഎസ് സൈന്യം. ഹോർമുസിലെ യുഎസ് നാവിക ഉപരോധം മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം. ഒരാഴ്ചക്കിടെ മൂന്നാമത്തെ കപ്പലാണ് ഇത്തരത്തിൽ 'നിർവീര്യമാക്കി'യതെന്ന് യുഎസ് സെൻട്രൽ കമാൻഡ്. ഇറാനു മേൽ‍ സാമ്പത്തിക ഉപരോധം കടുപ്പിച്ച് സമാധാന കരാറിൽ ഒപ്പിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നീക്കമെന്നാണ് വിലയിരുത്തൽ. ഇന്നു തന്നെ ഇറാൻ സമാധാന ശ്രമങ്ങളിൽ അനുകൂല തീരുമാനമെടുക്കുമെന്നാണ് യുഎസ് വിലയിരുത്തൽ. അതിനിടെ ക്രൂഡ് ഓയിൽ കയറ്റിയ സ്വന്തം കപ്പലിനെ ഇറാനിയൻ സേന പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്. 'ഓഷ്യൻ കോയ്' എന്ന കപ്പലിനെയാണ് ഒമാൻ കടലിടുക്കിൽ പിടിച്ചതെന്ന് ഇറാനിയൻ മാധ്യമങ്ങൾ പറയുന്നു. അമേരിക്കൻ കണ്ണുവെട്ടിച്ച് എണ്ണ കടത്തുന്ന ഇറാന്റെ ഷാഡോ ഫ്ലീറ്റിന്റെ ഭാഗമാണ് കപ്പൽ. പക്ഷേ എന്തിനാണ് ഇത്തരമൊരു അസാധാരണ നടപടിയെന്ന് വ്യക്തമാക്കാൻ ഇറാൻ തയാറായിട്ടില്ല. യുഎസ് നാവിക ഉപരോധം ഇറാന്റെ എണ്ണകയറ്റുമതി ശേഷിയെ ബാധിച്ചതിന്റെ തെളിവാണിതെന്ന് വിദഗ്ധർ പറയുന്നു.

വിപണിയിൽ ചുവപ്പുരാശി ഇന്നലെ ഇന്ത്യൻ ഓഹരി വിപണികൾ‍ നഷ്ടത്തിലാണ് അവസാനിച്ചത്. ഇരുസൂചികകളും 0.6 ശതമാനം വീതം ഇടിഞ്ഞു. ∙516 പോയിന്റ് നഷ്ടത്തിൽ സെൻസെക്സ് 77,328.19ലെത്തി. നിഫ്റ്റിയാകട്ടെ 150.5 പോയിന്റ് കുറവിൽ 24,176.15ലുമെത്തി. ഈ ആഴ്ചയിലുണ്ടായ നേട്ടവും കഴിഞ്ഞ ദിവസത്തോടെ മങ്ങി. ഇന്നും നാളെയും വിപണിക്ക് അവധിയാണ്. ∙സമാധാന ശ്രമങ്ങൾ ഫലം കാണുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ വിപണി ഉയർന്നിരുന്നു. എന്നാൽ യുഎസും ഇറാനും വീണ്ടും ഏറ്റുമുട്ടിയെന്ന വാർത്ത വന്നതോടെ ഹോർമുസ് പ്രതിസന്ധി ഇനിയും നീളുമെന്ന ആശങ്കയിലാണ് നിക്ഷേപകർ. ∙ഇതോടെ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയർന്നു. വിപണിയിൽ കനത്ത വിൽപന നടന്നു. ഇന്നലെയും വിദേശ നിക്ഷേപകർ ഓഹരികൾ കൂട്ടത്തോടെ വിറ്റു. 4,111 കോടി രൂപയുടെ അറ്റവിൽപനയാണ് വിദേശികൾ നടത്തിയത്.

∙അടുത്ത ദിവസങ്ങളിൽ ഇറാൻ യുഎസ് സമാധാന ചർച്ചകളുടെ ഗതി അനുസരിച്ചാകും വിപണിയുടെ പ്രകടനം. യുഎസ് സമാധാന പ്ലാനിൽ ഇന്ന് ഇറാൻ അഭിപ്രായം പറയുമെന്നാണ് അമേരിക്ക കരുതുന്നത്. ∙രൂപയ്ക്ക് വീണ്ടും ക്ഷീണം അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് വീണ്ടും കുറഞ്ഞു. ക്രൂഡ് ഓയിൽ വിലയിലെ മാറ്റത്തോടെ ഡോളറിനെതിരെ 0.25 പൈസ നഷ്ടത്തിലാണ് രൂപയുടെ ക്ലോസിങ്. ഒരു വേള 94.68ലേക്ക് താഴ്ന്നെങ്കിലും 94.48 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. ഡോളർ വിറ്റ് രൂപയെ പിടിച്ചു നിർത്താൻ റിസർവ് ബാങ്ക് നടത്തിയ ശ്രമങ്ങളാണ് ഒരു പരിധി വരെ കാര്യങ്ങൾ വഷളാകാതെ തടഞ്ഞത്. ∙വിദേശങ്ങളിലേക്ക് കണ്ണുനട്ട് ഇന്ത്യക്കാർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നുള്ള നേട്ടം കുറഞ്ഞതോടെ നിരവധി പേർ വിദേശ വിപണികളിലേക്ക് നിക്ഷേപം മാറ്റുന്നതായി റിപ്പോർട്ട്. ഫെബ്രുവരി അവസാനം വരെയുള്ള 11 മാസത്തെ കണക്ക് അനുസരിച്ച് 220 കോടി ഡോളറാണ് ഇന്ത്യക്കാർ വിദേശ വിപണികളിൽ നിക്ഷേപിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 60 ശതമാനം വർധന. ഗിഫ്റ്റ് സിറ്റി പോലുള്ള വേദികളും മൊബൈൽ ആപ്പുകൾ വഴി എളുപ്പത്തിൽ നിക്ഷേപിക്കാമെന്നതുമാണ് വിദേശ നിക്ഷേപങ്ങളെ ആകർഷമാക്കുന്നത്.

∙പണപ്പെരുപ്പം കൂടും ക്രൂഡ് ഓയിൽ വില ഉയർന്നത് രാജ്യത്തെ പണപ്പെരുപ്പം വർധിപ്പിക്കുമെന്നും വിലയിരുത്തൽ. ഏപ്രിലിലെ ഉപഭോക്തൃ വില സൂചിക (സിപിഐ) 3.8 ശതമാനമായി വർധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ കരുതുന്നത്. മാർച്ചിൽ ഇത് 3.4 ശതമാനമായിരുന്നു. മേയ് 12നാണ് പണപ്പെരുപ്പ കണക്കുകൾ പുറത്തുവിടുന്നത്. പണപ്പെരുപ്പം 4 ശതമാനത്തിൽ താഴെ നിലനിർത്തണമെന്നാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. എന്നാൽ ഉയർന്ന ക്രൂഡ് ഓയിൽ വില ഇതിനോടകം തന്നെ സാധനങ്ങളുടെ വില കൂട്ടിയിട്ടുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത് ഇന്ത്യൻ ഓഹരി വിപണികളെയും ബാധിക്കാൻ അധിക സമയം വേണ്ടി വന്നേക്കില്ല. അധികം വൈകാതെ തന്നെ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധനയുണ്ടാകുമെന്നും ഇവർ പറയുന്നു.

∙യുഎസിൽ നേട്ടം അതേസമയം, യുഎസ് ഓഹരി വിപണി ഇന്നലെ നേട്ടത്തിലായിരുന്നു. ഏപ്രിലിലെ തൊഴിൽ കണക്കുകൾ പ്രതീക്ഷിച്ചതിനേക്കാൾ മെച്ചപ്പെട്ടതും ഇറാൻ വിഷയത്തിൽ പരിഹാരമുണ്ടാകുമെന്ന വിലയിരുത്തലുമാണ് വിപണിയെ നേട്ടത്തിലാക്കിയത്. എസ് ആൻഡ് പി 0.84 ശതമാനവും നാസ്ഡാക്ക് 1.7 ശതമാനവും ഉയർന്നു. രണ്ടും സർവകാല റെക്കോർഡുമിട്ടു. ഡോ സൂചിക 0.02 ശതമാനത്തിന്റെ മാത്രം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. എന്നാൽ ആഴ്ചയിലെ കണക്കെടുത്താൽ മൂന്ന് സൂചികകളും മികച്ച നേട്ടമുണ്ടാക്കി. തുടർച്ചയായ ആറാമത്തെ ആഴ്ചയാണ് വിപണി നേട്ടത്തിലാകുന്നത്. 2024ന് ശേഷം ഇതാദ്യം. ∙ഏപ്രിലിലെ തൊഴിൽ കണക്കിൽ 1,15,000 വർധനയുണ്ടായെന്ന റിപ്പോർട്ടും വിപണിയെ ആവേശത്തിലാക്കി. ഏപ്രിലിൽ 55,000 ജോലികൾ‍ മാത്രമേ കൂട്ടിച്ചേർക്കാൻ കഴിയൂ എന്നായിരുന്നു വിപണി പ്രതീക്ഷിച്ചിരുന്നത്. തൊഴിലില്ലായ്മ നിരക്കിൽ മാറ്റമില്ല. 4.3 ശതമാനത്തിൽ തന്നെ തുടരുകയാണ്. അമേരിക്കൻ അടിസ്ഥാന പലിശ നിരക്ക് നിശ്ചയത്തിൽ അടക്കം സ്വാധീനിക്കുന്ന കണക്കാണിത്. ∙ട്രംപ് കണ്ണുരുട്ടി യൂറോപിന് നഷ്ടം യൂറോപ്യൻ യൂണിയന് മേൽ ഉയർന്ന താരിഫ് ഈടാക്കുമെന്ന ട്രംപിന്റെ ഭീഷണിയെ തുടർന്ന് യൂറോപ്യൻ വിപണികൾക്കും നഷ്ടം. ലണ്ടൻ, പാരിസ്, ഫ്രാങ്ക്ഫർട്ട്, മിലാൻ തുടങ്ങിയ വിപണികളെല്ലാം ഇടിവിലായി.ഏകദേശ ധാരണയിലായ യൂറോപ്യൻ യൂണിയൻ - യുഎസ് വ്യാപാര കരാർ ഉടൻ ഒപ്പുവക്കണമെന്നും ഇല്ലെങ്കിൽ ഉയർന്ന താരിഫ് ചുമത്തുമെന്നുമാണ് ട്രംപിന്റെ ഭീഷണി. ഇക്കാര്യം യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഫോൺഡെർ ലെയനുമായി സംസാരിച്ചെന്നും അദ്ദേഹം ട്രൂത്ത് പോസ്റ്റിൽ പറഞ്ഞു.


Mathrubhumi News 1 hour ago
Home Flash News