Select Location
All Locations
State
Region
City / District
മുന്നറിയിപ്പുകൾ അവഗണിച്ച് മലകയറി, ഒപ്പം ഡ്രോൺ ഷൂട്ടിങ്ങും; പിന്നാലെ സ്ഫോടനം, മൂന്ന് പേർക്ക് ദാരുണാന്ത്യം

മുന്നറിയിപ്പുകൾ അവഗണിച്ച് മലകയറി, ഒപ്പം ഡ്രോൺ ഷൂട്ടിങ്ങും; പിന്നാലെ സ്ഫോടനം, മൂന്ന് പേർക്ക് ദാരുണാന്ത്യം

ജക്കാർത്ത∙ ഇന്തോനേഷ്യയിലെ ഉത്തര മലുക്കുവിലുള്ള മൗണ്ട് ഡുകോണോ അഗ്നിപർവതം പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. സിംഗപ്പൂരിൽ നിന്നുള്ള രണ്ട് പുരുഷന്മാരും ടെർണേറ്റ് സ്വദേശിയായ ഒരു സ്ത്രീയുമാണ് മരിച്ചത്. വിലക്കുകൾ ലംഘിച്ച് അഗ്നിപർവതത്തിൽ കയറിയ 20 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ സിംഗപ്പൂർ പൗരന്മാരും പ്രാദേശിക നിവാസികളും ഉൾപ്പെടുന്നു.

വെള്ളിയാഴ്ച രാവിലെ 7.41-നായിരുന്നു സ്ഫോടനം. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരെ സുരക്ഷിതമായി താഴെയെത്തിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ തുടർച്ചയായ ലാവ പ്രവാഹം കാരണം മരിച്ചവരുടെ മൃതദേഹങ്ങൾ ഇതുവരെ താഴെയെത്തിക്കാൻ സാധിച്ചിട്ടില്ല. ശനിയാഴ്ചയോടെ മൃതദേഹങ്ങൾ വീണ്ടെടുക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനായി രണ്ട് പോർട്ടർമാർ മലയിൽ തന്നെ തുടരുന്നുണ്ട്.

കഴിഞ്ഞ വർഷം മാർച്ചിന് ശേഷം 200-ലധികം തവണ ഈ അഗ്നിപർവതം പൊട്ടിത്തെറിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ ഇവിടേക്ക് സഞ്ചാരികൾ കയറുന്നത് അധികൃതർ നേരത്തേ തന്നെ വിലക്കിയിരുന്നു. സ്‌ഫോടനം നടക്കുന്ന സമയത്ത് ഒരു സംഘം വെറും 50 മീറ്റർ മാത്രം അകലെ ഡ്രോൺ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നുവെന്ന് രക്ഷപ്പെട്ട ഗൈഡുകൾ പറയുന്നു. 2024 ഡിസംബർ മുതൽ അഗ്നിപർവതത്തിന് 4 കിലോമീറ്റർ ചുറ്റളവിൽ ആരും പ്രവേശിക്കരുതെന്ന് അധികൃതർ കർശന നിർദേശം നൽകിയിരുന്നു. സോഷ്യൽ മീഡിയ വഴിയും ട്രക്കിങ് പാതകളിലെ ബാനറുകൾ വഴിയും ഈ മുന്നറിയിപ്പ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. സാഹസിക സഞ്ചാരികളും ഇൻഫ്ലുവൻസർമാരും അപകടമേഖലകളിൽ നിന്ന് പങ്കുവെക്കുന്ന ദൃശ്യങ്ങൾ പൊതുജനങ്ങളിൽ തെറ്റായ സുരക്ഷാബോധം ഉണ്ടാക്കുന്നുവെന്ന് ദുരന്തനിവാരണ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മറ്റുള്ളവർ സുരക്ഷിതമായി മടങ്ങിവരുന്നത് കണ്ട് അപകടസാധ്യത കുറവാണെന്ന് തെറ്റിദ്ധരിച്ചാണ് പലരും ഇങ്ങോട്ടെത്തുന്നത്. (Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് @DrivenDreamss എന്ന എക്സ് അക്കൗണ്ടിൽ നിന്ന്)


Manorama News 21 days ago
Home Flash News