വിദേശരാജ്യങ്ങളില്‍ കുടിയേറ്റനിയമം; മലയാളി വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍
കാനഡ, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ കുടിയേറ്റ നിയമങ്ങൾ കടുപ്പിച്ചതോടെ മലയാളി വിദ്യാർഥികൾ പ്രതിസന്ധിയിൽ. വിദേശ പഠനത്തിന് ശേഷം വിദേശത്തുതന്നെ സെറ്റിൽ ചെയ്യാമെന്ന മലയാളി വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തി വിസ ചട്ടങ്ങളിൽ വരുത്തിയ മാറ്റമാണ് പതിനായിരക്കണക്കിന് വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കിയത്.
ഉയർന്ന പഠനവും മികച്ച ജോലിയും സ്ഥിരതയുള്ള ജീവിതവും സ്വപ്നം കണ്ടാണ് ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾ ലക്ഷക്കണക്കിന് രൂപ വായ്പയെടുത്ത് വിദേശരാജ്യങ്ങളിലേക്ക് കുടിയേറിയത്. എന്നാൽ യു.കെ, കാനഡ, ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കുടിയേറ്റ നിയമങ്ങൾ കടുപ്പിച്ചതോടെ വരും വർഷങ്ങളിൽ നിരവധി മലയാളി വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരാകും.
2023 ൽ പുറത്തിറങ്ങിയ കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ടനുസരിച്ച് കേരളത്തിൽ നിന്ന് 2.5 ലക്ഷം വിദ്യാർത്ഥികളാണ് വിദേശത്തേക്ക് കുടിയേറിയിട്ടുള്ളത്. ഇത് 2018 ൽ കുടിയേറിയവരുടെ എണ്ണത്തിന്റെ ഇരട്ടിയാണ്. കാത്തലിക് കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ പുറത്തിറക്കിയ റിപ്പോർട്ടിലെ മൈഗ്രേഷൻ വിദഗ്ധരുടെ അഭിപ്രായമനുസരിച് വിദേശത്ത് ജോലി ലഭിക്കാതെ ഏകദേശം 30,000 മലയാളി വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങേണ്ടി വരും. ഇവരിൽ ഭൂരിഭാഗവും ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ്. 15 ലക്ഷം മുതൽ 45 ലക്ഷം വരെ വായ്പയെടുത്ത് വിദേശത്തേക്ക് എത്തിയ വിദ്യാർത്ഥികൾക്ക് ഈ തുക കേവലം ട്യൂഷൻ ഫീസിന് മാത്രമേ ഉപകരിക്കുന്നുള്ളൂ എന്നതാണ് യാഥാർത്ഥ്യം. ട്യൂഷൻ ഫീസ് കഴിഞ്ഞു ഭക്ഷണം തുടങ്ങി മറ്റു ചെലവുകൾ കണ്ടെത്താൻ , നാട്ടിലെ നിസ്സാരമെന്ന് കരുതുന്ന ജോലികൾ പോലും ഏറ്റെടുക്കാൻ വിദ്യാർത്ഥികൾ നിർബന്ധിതരാകുന്നു.