ഗുജറാത്ത് ഒന്നാമത്; ആര്‍സിബിയുടെ പ്ലേ ഓഫ് സാധ്യത കുറഞ്ഞു; ചെന്നൈയ്ക്ക് വേണ്ടത് മൂന്നു ജയം
സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ വിജയത്തോടെ ഐപിഎല്‍ പ്ലേ ഓഫ് സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. ജയത്തോടെ പ്ലേ ഓഫ് ബര്‍ത്ത് ഉറപ്പിക്കാനുള്ള 16 പോയിന്‍റ് എന്ന മാജിക് സംഖ്യ ഗുജറാത്ത് സ്വന്തമാക്കി. 12 മത്സരങ്ങളില്‍ നിന്നാണ് ഗുജറാത്ത് 16 പോയിന്‍റ് നേടിയത്. ജയത്തോടെ ഗുജറാത്തിന്‍റെ പ്ലേ ഓഫ് സാധ്യത 94.9 ശതമാനമാണ്. തോല്‍വിയോടെ സണ്‍റൈസേഴ്സിന്‍റെ സാധ്യത 80 ശതമാനത്തില്‍ നിന്നും 65.7 ശതമാനമായി കുറഞ്ഞു. ഗുജറാത്ത് ടൈറ്റന്‍സിന്‍റെ വിജയം ആര്‍സിബിയുടെയും പഞ്ചാബിന്‍റെയും ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെയും സാധ്യതകളെ സ്വാധീനിച്ചു. ഇന്നലത്തെ മത്സരത്തിന് മുന്‍പ് ആര്‍സിബിയുടെ സാധ്യത 80.1 ശതമാനമായിരുന്നു. ഇത് 79.7 ശതമാനമായി മാറി. പഞ്ചാബിന്‍റേത് 62.5 ല്‍ നിന്ന് 62.7 ശതമാനമായി മാറി. ചെന്നൈയുടെ സാധ്യത 42.7 ശതമാനത്തില്‍ നിന്നും 42.8 ശതമാനമായി മാറി.
11 മത്സരങ്ങള്‍ കളിച്ച പഞ്ചാബ് കിങ്സിന് 13 പോയിന്‍റാണുള്ളത്. ഏഴു മത്സരം തോല്‍ക്കാതെ മുന്നേറിയ പഞ്ചാബ് അവസാന നാലിലും തോറ്റു. ഇനിയുള്ള മൂന്നു മത്സരങ്ങളില്‍ രണ്ട് ജയമുണ്ടെങ്കില്‍ പഞ്ചാബ് കിങ്സിന് പ്ലേ ഓഫിലെത്താം. മുംബൈ ഇന്ത്യന്‍സ്, ആര്‍സിബി, ലഖ്നൗ സൂപ്പര്‍ ജെയന്‍റ്സ് എന്നിവര്‍ക്കെതിരെയാണ് പഞ്ചാബിന്‍റെ അടുത്ത മത്സരങ്ങള്‍.
11 മത്സരങ്ങളില്‍ നിന്ന് 14 പോയിന്‍റാണ് ആര്‍സിബിക്കുള്ളത്. മുംബൈയ്ക്കെതിരായ ജയത്തോടെ ഒന്നാം സ്ഥാനത്തായിരുന്നു ആര്‍സിബി. ഗുജറാത്ത് ജയിച്ചതോടെ ആര്‍സിബി രണ്ടാം സ്ഥാനത്തെത്തി. മികച്ച റണ്‍ റേറ്റുള്ള ആര്‍സിബിക്ക് രണ്ട് ജയം മാത്രം മതിയാകും പ്ലേ ഓഫിലെത്താന്‍. മൂന്നു മത്സരങ്ങളും ജയിച്ചാല്‍ 20 പോയിന്‍റാകും. ഇത് രണ്ടാം സ്ഥാനം നല്‍കും.
സണ്‍ റൈസേഴ്സ് ഹൈദരാബാദിന് ഇനിയുള്ള രണ്ട് മത്സരങ്ങളും നിര്‍ണായകമാണ്. 12 മത്സരങ്ങളില്‍ നിന്നും 14 പോയിന്റാണ് മൂന്നാം സ്ഥാനാക്കാര്‍ക്കുള്ളത്. രണ്ട് മത്സരങ്ങളും ജയിച്ചാല്‍ 18 പോയിന്‍റോടെ പ്ലേ ഓഫ് ഉറപ്പിക്കാം. അവസാന നാലില്‍ മൂന്നും ജയിക്കേണ്ടിയിരുന്ന ഗുജറാത്ത്, ഇന്നലെ ജയിച്ചു. ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിച്ചാല്‍ ടീമിന് മറ്റു ആശങ്കകളില്ലാതെ മുന്നേറാം. ചെന്നൈയ്ക്ക് ഇനിയുള്ള മൂന്നു മത്സരങ്ങളും ജയിച്ചാല്‍ 18 പോയിന്‍റാകും. രണ്ടു മത്സരങ്ങള്‍ ജയിച്ചാല്‍ 16 പോയിന്‍റാകും. ഒന്നില്‍ കൂടുതല്‍ ടീമുകള്‍ക്ക് 16 പോയിന്‍റ നേടാന്‍ സാധ്യതയുള്ളതിനാല്‍ മൂന്നും ജയിക്കുകയാണ് സുരക്ഷിതം.