നീറ്റ് പരീക്ഷാ ക്രമക്കേട്: പുനഃപരീക്ഷാ തീയതി പിന്നീട്; പുതുതായി രജിസ്റ്റർ ചെയ്യേണ്ട, ഫീസടയ്ക്കേണ്ട
ന്യൂഡൽഹി: ചോദ്യക്കടലാസ് ചോർച്ചാ വിവാദം കത്തിപ്പടരുന്നതിനിടെ, മെഡിക്കൽ പഠനപ്രവേശനത്തിന് ഈ മാസം മൂന്നിന് നടത്തിയ നീറ്റ് യു.ജി. 2026 പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ നടത്തുമെന്നും അതിന്റെ വിവരങ്ങൾ വിദ്യാർഥികളെ അറിയിക്കുമെന്നും നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) അറിയിച്ചു. അന്വേഷണം കേന്ദ്രസർക്കാർ സി.ബി.ഐ.യ്ക്ക് വിട്ടതോടെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു.
ചോദ്യക്കടലാസ് ചോർച്ചയുടെ സൂത്രധാരനെന്ന് കരുതുന്നയാളടക്കം ആറുപേർ പിടിയിലായി. ഉത്തരാഖണ്ഡിലെ ദെഹ്‌റാദൂണിൽനിന്നാണ് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തത്. മറ്റൊരാൾ മഹാരാഷ്ട്രയിലെ നാസിക്കിലും പിടിയിലായി.
രാജസ്ഥാനിലെ സികാറിൽ കരിയർ കൗൺസലറായ രാകേഷ് കുമാറാണ് മുഖ്യ പ്രതി. ഇയാളിൽനിന്ന് ചോദ്യക്കടലാസ് വാങ്ങിയവരാണ് ദെഹ്‌റാദൂണിൽ പിടിയിലായത്. ഇവർ നാലുപേരും നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാർഥികളാണ്. വിവാദ ചോദ്യക്കടലാസ് കൈവശമുണ്ടായിരുന്ന, ഭോപാലിൽ മെഡിക്കൽ സയൻസസ് വിദ്യാർഥിയായ ശുഭം ഖൈർനാരാണ് നാസിക്കിൽ പിടിയിലായത്. പരീക്ഷയ്ക്ക് ദിവസങ്ങൾക്ക് മുൻപേ സമാന ചോദ്യങ്ങളടങ്ങിയ സാധ്യതാ ചോദ്യക്കടലാസ് വ്യപകമായി പ്രചരിച്ചെന്ന് രാജസ്ഥാൻ പോലീസ് കണ്ടെത്തി. ചില കോച്ചിങ് സെന്ററുകൾ കേന്ദ്രീകരിച്ച് സാധ്യതാചോദ്യക്കടലാസ് നൽകി നടത്തിയ തട്ടിപ്പിൽ കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവർ ഉൾപ്പെട്ടതായി സൂചനയുണ്ട്. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി ആശങ്കയിലാക്കി പരീക്ഷ റദ്ദാക്കിയതോടെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായി. ഡൽഹിയിൽ എൻ.ടി.എ. ആസ്ഥാനത്തേക്ക് എൻ.എസ്.യു., എസ്.എഫ്.ഐ. സംഘടനകൾ നടത്തിയ പ്രതിഷേധം സംഘർഷത്തിനിടയാക്കി.
2024-ലും സമാനമായി നീറ്റ് പരീക്ഷയിൽ ചോദ്യച്ചോർച്ചയുണ്ടായി വിഷയം സുപ്രീംകോടതിയിലെത്തിയിരുന്നു. ബിഹാർ കേന്ദ്രീകരിച്ച് തട്ടിപ്പ് നടന്നെങ്കിലും വ്യപകമായിരുന്നില്ലെന്നാണ് അന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. പരീക്ഷയെഴുതിയത് 22 ലക്ഷം വിദ്യാർഥികൾ രാജ്യത്തെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി 5432 കേന്ദ്രങ്ങളിലുമായി നടന്ന നീറ്റ് പരീക്ഷ 22.05 ലക്ഷം വിദ്യാർഥികൾ എഴുതി. കേരളത്തിൽ 1.28 ലക്ഷം പേരാണ് പങ്കെടുത്തത്. പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ ഇക്കൊല്ലത്തെ മെഡിക്കൽ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾ വൈകും. പുതുതായി രജിസ്റ്റർ ചെയ്യേണ്ട, ഫീസടയ്ക്കേണ്ട പുനഃപരീക്ഷയ്ക്ക് പുതുതായി രജിസ്‌ട്രേഷന്റെ ആവശ്യമില്ല. അധികമായി പരീക്ഷാഫീസും ഈടാക്കില്ല. ഫീസടച്ചവർക്ക് തിരിച്ചുനൽകും. സ്വന്തം ഫണ്ടുപയോഗിച്ച് എൻ.ടി.എ. പുനഃപരീക്ഷ നടത്തും. പുതിയ പരീക്ഷാത്തീയതി, പുതിയ അഡ്മിറ്റ് കാർഡ് ഷെഡ്യൂൾ എന്നിവ അറിയിക്കും. വിവരങ്ങൾക്ക്: neet-ug@nta.ac.in, 011-40759000 /011-69227700
അന്തസ്സംസ്ഥാന സംഘം പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ളതെന്നപേരിൽ പ്രചരിച്ച 410 ചോദ്യങ്ങളിൽ 120 എണ്ണം യഥാർഥ ചോദ്യക്കടലാസിലേതിന് സമാനമായിരുന്നു. കേരളത്തിൽ പഠിക്കുന്ന രാജസ്ഥാനിലെ ചുരു സ്വദേശിയായ മെഡിക്കൽ വിദ്യാർഥിയാണ് പരീക്ഷയ്ക്കുമുൻപ് വിവാദ ചോദ്യക്കടലാസ് ആദ്യമായി അയച്ചത്. ആകെ 720 മാർക്കിന്റെ പരീക്ഷയിൽ 600 മാർക്കിന്റെ ചോദ്യങ്ങൾ സാധ്യതാ പേപ്പറിലുണ്ടായിരുന്നെന്നും പറയുന്നു.