Select Location
All Locations
State
Region
City / District
ക്ലിഫ് ഹൗസ് മോടികൂട്ടില്ല; ആഡംബരങ്ങള്‍ വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് മോടികൂട്ടില്ല; ആഡംബരങ്ങള്‍ വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലും ആഡംബരങ്ങള്‍ വേണ്ടെന്ന് നിയുക്തമുഖ്യമന്ത്രി വി.ഡി.സതീശന്‍. വി.ഡി.സതീശന്‍ താമസം തുടങ്ങും മുന്‍പ് മോടിപിടിപ്പിക്കാനുള്ള അറ്റകുറ്റപ്പണികള്‍ക്കായി ലക്ഷങ്ങളാണ് പൊതുമരാമത്ത് വകുപ്പ് വകയിരുത്തിയിരുന്നത്. തല്‍കാലം അത്രയും ജോലികള്‍ ഇപ്പോള്‍ ചെയ്യേണ്ടെന്ന് നിര്‍ദേശം നല്‍കി. അത്യാവശ്യമായി വേണ്ട കാര്യങ്ങള്‍ എന്തെല്ലാം എന്ന് പരിശോധിച്ച ശേഷം അറ്റകുറ്റപ്പണി നടത്താമെന്നാണ് തീരുമാനം. ഇതോടെ തിങ്കളാഴ്ച സത്യപ്രതിഞ്ജ കഴിഞ്ഞ് അധികാരമേറ്റാലും വി.ഡി.സതീശന് ക്ളിഫ് ഹൗസിലേക്ക് മാറാനായേക്കില്ല.

വാഹനവ്യൂഹവും ജനങ്ങളെ വഴിതടഞ്ഞുള്ള സുരക്ഷയും വേണ്ടെന്ന് വി.ഡി.സതീശന്‍ പറഞ്ഞിരുന്നു. ഇതോടെ Z പ്ളസ് സുരക്ഷ ഒഴിവാക്കി എസ്കോര്‍ട്ടും പൈലറ്റും മാത്രമാക്കി. അധികാരത്തിന്‍റെ പത്രാസ് കാണിക്കാന്‍ തയാറല്ലെന്ന് വി.ഡി.സതീശന്‍ മനോരമ ന്യൂസിലൂടെ നിലപാട് വ്യക്തമാക്കി. പിണറായി വിജയന്‍ ഉപയോഗിച്ചിരുന്ന കറുത്ത കാറുകളും ഒഴിവാക്കിയേക്കും.

വി.ഡി.സതീശന്‍റെ യാത്രയില്‍ മൂന്ന് വണ്ടി മാത്രമാകും ഉണ്ടാവുക. മുന്‍പില്‍ ഒരു പൈലറ്റ്, നടുക്ക് സതീശന്‍റെ വാഹനം, പിന്നില്‍ എസ്കോര്‍ട്. ഇത്രയും മതി സുരക്ഷയെന്നതായിരുന്നു നിയുക്ത മുഖ്യമന്ത്രി പൊലീസ് സേനക്ക് നല്‍കിയ ആദ്യ ഉത്തരവ്. പിണറായി വിജയന് നല്‍കിയ അതേ Z പ്ലസ് സുരക്ഷ ഒരുക്കാന്‍ തയാറായിരുന്ന ഡിജിപിയോടാണ് വാഹനവ്യൂഹം വേണ്ടെന്ന തീരുമാനം സതീശന്‍ അറിയിച്ചത്.

മുഖ്യമന്ത്രിയുടെ യാത്രക്ക് വേണ്ടി നാട്ടുകാരുടെ വഴിതടയേണ്ടെന്ന നിര്‍ദേശവുമുണ്ട്. വേഗത്തില്‍ പോകാന്‍ ചില സമയങ്ങളില്‍ ഗതാഗതം നിയന്ത്രിക്കേണ്ടിവരുമെന്ന് ഡിജിപി അറിയിച്ചപ്പോള്‍ കുറച്ച് സമയമൊക്കെ കുരുക്കില്‍ കിടക്കാന്‍ തയാറാണെന്നായിരുന്നു സതീശന്‍റെ മറുപടി. പിണറായി വിജയന്‍ ഉപയോഗിച്ചിരുന്ന കറുത്ത കാറുകള്‍ തല്‍കാലത്തേക്ക് പൊലീസ് ഏറ്റെടുത്തു. പുതിയ മുഖ്യമന്ത്രി വെളുത്ത കാറിലേക്ക് മാറിയേക്കും. എന്തായാലും പുതിയ കാര്‍ വാങ്ങില്ലെന്ന് തീരുമാനിച്ചു. സുരക്ഷ കുറയ്ക്കാന്‍ നിര്‍ദേശിച്ചെങ്കിലും സര്‍ക്കാര്‍ രൂപീകരിച്ച ശേഷം ആലോചിച്ച് അന്തിമതീരുമാനമെടുക്കാനാണ് പൊലീസ് തീരുമാനം.


Manorama News 56 minutes ago
Home Flash News