Select Location
All Locations
State
Region
City / District
അഭിഭാഷകരുടെ വ്യാജ ബിരുദത്തിലും ഓൺലൈൻ പെരുമാറ്റത്തിലും സുപ്രീം കോടതിക്ക് കടുത്ത ആശങ്ക

അഭിഭാഷകരുടെ വ്യാജ ബിരുദത്തിലും ഓൺലൈൻ പെരുമാറ്റത്തിലും സുപ്രീം കോടതിക്ക് കടുത്ത ആശങ്ക

സ്വന്തം കരിയർ നോക്കാതെ വ്യവസ്ഥിതിയെ തകർക്കാൻ നടക്കുന്ന ഇവരുടെ കൂടെയാണോ വക്കീലന്മാർ കൂടേണ്ടതെന്നും കോടതി ചോദിച്ചു

ന്യൂഡൽഹി: വ്യാജ സർട്ടിഫിക്കറ്റുകളുമായി കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന വക്കീലന്മാർക്കെതിരെയും, സോഷ്യൽ മീഡിയയിലൂടെ കോടതികളെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെയും കടുത്ത ഭാഷയിൽ പ്രതികരിച്ച് സുപ്രീം കോടതി. "കറുത്ത കുപ്പായമിട്ട പതിനായിരക്കണക്കിന് വ്യാജന്മാരാണ് കോടതികളിലുള്ളത്" എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഇത്തരം വ്യാജന്മാരെ പിടികൂടാൻ ഒരു സിബിഐ (CBI) അന്വേഷണത്തിന് ഉത്തരവിടാൻ തങ്ങൾ തയ്യാറാണെന്നും കോടതി മുന്നറിയിപ്പ് നൽകി. ഡൽഹി ഹൈക്കോടതിയുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഈ കടുത്ത പരാമർശങ്ങൾ. ചില വക്കീലന്മാരുടെ സോഷ്യൽ മീഡിയ ഇടപെടലുകളെ കോടതി രൂക്ഷമായി വിമർശിച്ചു. കേസിൽ ഹാജരായ ഒരു അഭിഭാഷകൻ ഫേസ്ബുക്കിൽ ഉപയോഗിച്ച മോശം ഭാഷയെക്കുറിച്ച് ചീഫ് ജസ്റ്റിസ് നേരിട്ട് ചോദിച്ചു.

"യൂട്യൂബിലും ഫേസ്ബുക്കിലും നിങ്ങൾ പോസ്റ്റ് ചെയ്യുന്നതൊന്നും കോടതികൾ കാണുന്നില്ലെന്ന് കരുതുന്നുണ്ടോ? വക്കീൽ പണിയുടെ അച്ചടക്കം എന്താണെന്ന് ഞാൻ കാണിച്ചുതരാം," ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി. ജോലിയില്ലാതെ നടന്ന് ഒടുവിൽ മാധ്യമപ്രവർത്തകർ, സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾ, ആർടിഐ പ്രവർത്തകർ എന്നിങ്ങനെ പേരിട്ട് വന്ന് മാന്യമായ സ്ഥാപനങ്ങളെയും വ്യക്തികളെയും ലക്ഷ്യം വയ്ക്കുന്ന ചിലരെ കോടതി പരാദങ്ങൾ (Parasites) എന്ന് വിശേഷിപ്പിച്ചു. സ്വന്തം കരിയർ നോക്കാതെ വ്യവസ്ഥിതിയെ തകർക്കാൻ നടക്കുന്ന ഇവരുടെ കൂടെയാണോ വക്കീലന്മാർ കൂടേണ്ടതെന്നും കോടതി ചോദിച്ചു.

കൂടാതെ, സീനിയർ വക്കീൽ എന്ന പദവി നിയമവ്യവസ്ഥയെ സഹായിക്കാനുള്ള അവസരമായി കാണാതെ, വെറും അഹങ്കാരമായി (Status Symbol) കൊണ്ടുനടക്കാനാണോ പലർക്കും താല്പര്യമെന്നും കോടതി ചോദിച്ചു.

തന്നെ സീനിയർ വക്കീൽ ആക്കിയില്ല എന്ന് കാണിച്ച് ഒരു അഭിഭാഷകൻ നൽകിയ ഹർജിയാണ് കോടതിയെ ചൊടിപ്പിച്ചത്. ഇതേ വക്കീൽ മുൻപും കേസ് നൽകി തോറ്റിരുന്നു. സുപ്രീം കോടതിയിൽ നിന്ന് കടുത്ത ശാസനയും വിമർശനവും നേരിട്ടതോടെ, ഒടുവിൽ വക്കീൽ തന്റെ ഹർജി കോടതിയിൽ നിന്ന് പിൻവലിച്ച് രക്ഷപ്പെടുകയായിരുന്നു.


News18Kerala 49 minutes ago
Home Flash News